ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ദല്‍ഹി രാംലീലാ മൈതാനിയില്‍ ഉപവാസ സമരം നടത്തുന്ന രാംദേവ് അനുയായികളോടാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ അനുവദിക്കില്ലെന്ന് ദല്‍ഹി പോലീസ് അറിയിച്ചു.

Ads By Google

രാംദേവിന്റെ മൂന്നുദിവസത്തെ ഉപവാസ സമരം ശനിയാഴ്ച അവസാനിക്കേണ്ടതായിരുന്നെങ്കിലും വലിയ തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് നീട്ടുകയായിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി രാംദേവ് തന്റെ പ്രഖ്യാപനം വീണ്ടും നീട്ടിവെക്കുകയാണുണ്ടായത്.

ആഗസ്ത് 30 വരെമാത്രം രാംലീലാ മൈതാനിയില്‍ സമരം നടത്താനാണ് രാംദേവിന് അനുമതി നല്‍കിയത്. അല്ലാതെ പാര്‍ലമെന്റിന് മുന്നില്‍ സമരമോ മറ്റ് പ്രകടനങ്ങളോ നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ദല്‍ഹി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു.

വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരിക, ശക്തമായ ലോക്പാല്‍ നടപ്പാക്കുക, സി.ബി.ഐ.യെ സ്വതന്ത്രമാക്കുക, സി.ബി.ഐ. ഡയറക്ടര്‍, സി.എ.ജി, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടികള്‍ സുതാര്യമാക്കുക എന്നിവയാണ് രാംദേവിന്റെ ആവശ്യങ്ങള്‍.

താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉടന്‍ നടപടിയെടുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കാത്തപക്ഷം ‘വലിയ വിപ്ലവം’ തുടങ്ങുമെന്ന് രാംദേവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.