ദുബായ്: ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിനുള്ള നടപടികള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ സീനിയര്‍ ടീംകോച്ച് സാവിയോ മെഡീര. അഖിലേന്ത്യാ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ എടുക്കുന്ന നടപടികളെല്ലാം മികച്ചതാണ്. അതെല്ലാം ടീമിന് ഗുണം ചെയ്യും എന്നാലും കാര്യങ്ങള്‍ എല്ലാം കുറേക്കൂടി വേഗത്തില്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാളില്‍ നടക്കുന്ന ഏഷ്യന്‍ ചാലഞ്ച് കപ്പിനു മുന്നോടിയായുള്ള പരിശീലത്തിന് ടീമിനൊപ്പം എത്തിയതാണ് സാവിയോ. 30 അംഗ ഇന്ത്യന്‍ ടീമാണ് പരിശീലത്തിന് എത്തിയത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന 23 പേരാണ് നേപ്പാളില്‍ നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചലഞ്ചില്‍ പങ്കെടുക്കുക. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തിരിക്കുമ്പോള്‍ എന്തുതോന്നുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതാണ്.

‘ ഒരു രാത്രി കൊണ്ട് എല്ലാം മാറ്റിമറിക്കാനാകില്ലെന്ന് അറിയാം. കുറച്ചുവര്‍ഷങ്ങളായി സഹപരിശീലകനായി ടീമിനൊപ്പം നിന്നതുകൊണ്ട് കുട്ടികള്‍ക്ക് എന്നെ നന്നായി അറിയാം. അവര്‍ നന്നായി സഹകരിക്കുന്നു. ഇപ്പോള്‍ ഞാനിത് ആസ്വദിക്കുകയാണ്. ‘

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വിദേശകോച്ചിനെ കൊണ്ടുവന്നാലും നമ്മുടെ കളിക്കാര്‍ ശീലിച്ചുവന്ന ശൈലിയില്‍ നിന്നുള്ള മാറ്റം അത്രപെട്ടന്ന് ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ ജൂനിയര്‍ തലത്തില്‍ വിദേശകോച്ചുകളെ കൊണ്ടുവരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമംഗങ്ങളുടെ പരിശീനത്തിനായി മികച്ച സൗകര്യങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ടീം ദുബായില്‍ വന്ന് പരിശീലനത്തിലേര്‍പ്പെടാനുള്ള പ്രധാനകാരണം നാട്ടിലെ സൗകര്യക്കുറവ് തന്നെയാണെന്നും സാവിയോ വ്യക്തമാക്കി.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ ടീം വിട്ടത് വലിയ തോതില്‍ ടീമിനെ ബാധിച്ചിട്ടില്ലെന്നും ജൂനിയര്‍ താരങ്ങളെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും സാവിയോ പറഞ്ഞു.

Malayalam news

Kerala news in English