ചെന്നൈ: ഡീസല്‍നിരക്ക് വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മാറ്റണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി.  മൊത്തമായി ഡീസല്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ച എണ്ണകമ്പനികളുടെ നടപടി പിന്തിരിപ്പനാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

മൊത്തമായി വാങ്ങുന്ന ഡീസല്‍ വില 25 ശതമാനത്തോളം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്  അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കരുണാനിധി എത്തുന്നത്. നടപടി സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെ ദോഷകരമായി ബാധിക്കുമെന്നും തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിലനിര്‍ണയാവകാശം ലഭിച്ചയുടന്‍ ഡീസലിന് 55 പൈസ ഉയര്‍ത്തിയ എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ഉള്‍പ്പെടെ മൊത്തമായി ഡീസല്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ക്കുള്ള നിരക്ക് ലിറ്ററിന് 11.81 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.