തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി.

തനിയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നടപടി എടുക്കാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ആവില്ലായിരുന്നുവെന്നും മണി പറഞ്ഞു. തനിയ്ക്ക് തെറ്റുപറ്റി. പാര്‍ട്ടി തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കും.

തന്റെ പ്രസംഗം വിവാദമാക്കുന്നതില്‍ ചിലര്‍ ഗൂഢാലോചന നടത്തി. മാധ്യമങ്ങളും ലീഗ് – കോണ്‍ഗ്രസുമായി ബന്ധമുള്ളവരും ഈ ഗൂഢാലോചനയുടെ പിന്നിലുണ്ടെന്നു കരുതുന്നതായി മണി പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്നാണ് നടപടിയെക്കുറിച്ച് അറിഞ്ഞത്. ഇതുവരെ ഔദ്യോഗിക അറിയിപ്പ്‌ കിട്ടിയിട്ടില്ല. തന്റെ പ്രസംഗത്തില്‍ രാഷ്ട്രീയമായ പിശക് സംഭവിച്ചു പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച്. സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയില്‍ താന്‍ തന്നെയാണ് ജില്ലയില്‍ നിന്നുള്ള സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ്. പാര്‍ട്ടി സ്ഥാനത്തു നിന്നു നീക്കിയെങ്കിലും ഇനി പതിന്മടങ്ങു ശക്തിയോടെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

അക്രമത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പരമപുച്ഛമാണ്. സി.പി.എമ്മിനെ നേരിടാന്‍ സി.പി.ഐ ഒരുളുപ്പുമില്ലാതെ കോണ്‍ഗ്രസിനോട് കൂട്ടുകൂടുകയാണെന്നും മണി പറഞ്ഞു. തന്റെ പ്രസംഗത്തെ വളച്ചൊടിക്കാനും അതൊരുവിവാദമാക്കാനും ചിലര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും മണി ആരോപിച്ചു.

ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ്‌ മണിയ്‌ക്കെതിരെ നടപടിയെടുത്തത്. എം.എം. മണി പാര്‍ട്ടി നിലപാടുകളില്‍നിന്നു വ്യതിചലിച്ചതായി സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അദ്ദേഹത്തോടു വിശദീകരണം ചോദിക്കുമെന്നും അച്ചടക്കനടപടിയെടുക്കണമെന്നു പി.ബി. നിര്‍ദേശമുണ്ടായിരുന്നെന്നും യോഗം വ്യക്തമാക്കി. മണിയുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ ശത്രുക്കള്‍ വിപുലമായ രീതിയില്‍ ഉപയോഗിക്കുകയാണ്.

വലതുപക്ഷ മാധ്യമങ്ങളും യു.ഡി.എഫും പ്രചരിപ്പിക്കുന്നതുപോലെ ഇടുക്കി ജില്ലയിലെ പഴയ കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.