ലോസ് ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ടോണി സ്‌കോട്ട് ആത്മഹത്യ ചെയ്തു. ലോസ് ഏഞ്ചല്‍സിലെ ഒരു പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന് 68 വയസായിരുന്നു.

മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Ads By Google

ലോസ് ഏഞ്ചല്‍സിലെ സാന്‍ പെഡ്രോയും ടെര്‍മിനല്‍ ഐലന്റും തമ്മില്‍ ബന്ധിപ്പിക്കുന്ന വിന്‍സന്റ് തോമസ് പാലത്തില്‍ നിന്നാണ് സ്‌കോട്ട് ചാടിയത്.

സ്‌കോട്ടിന്റെ വാഹനത്തില്‍ നിന്നും ഒരു ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. ടോപ്പ് ഗണ്‍, ഡേയ്‌സ് ഓഫ് തണ്ടര്‍, ബിവെര്‍ലി ഹില്‍സ് കോപ്പ് സെക്കന്റ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ടോണി സ്‌കോട്ട്.

ഏലിയന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റിഡ്‌ലി സ്‌കോട്ടിന്റെ സഹോദരനാണ് ടോണി സ്‌കോട്ട്. സ്‌കോട്ടിന്റെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു ടോപ് ഗണ്‍. നമ്പേര്‍സ്, ദി ഗുഡ് വൈഫ് എന്നീ ടെലിവിഷന്‍ പരമ്പരകളും സഹോദരനുമായി ചേര്‍ന്ന് ഇദ്ദേഹം സംവിധാനം ചെയ്തിരുന്നു.

മൂന്നാമത്തെ ഭാര്യയ്‌ക്കൊപ്പമായിരുന്നു അവസാനകാലം സ്‌കോട്ട് ചെലവഴിച്ചിരുന്നത്.