എഡിറ്റര്‍
എഡിറ്റര്‍
എന്റെ സമുദായം മണ്ണും മനുഷ്യനുമാണ്: പി.സി ജോര്‍ജിന് പ്രതാപന്റെ തുറന്ന കത്ത്
എഡിറ്റര്‍
Friday 3rd August 2012 5:06pm

തിരുവനന്തപുരം:  ചീഫ് വിപ്പ് പി.സി. ജോര്‍ജിന് മറുപടിയായി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ തുറന്ന കത്ത്. തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചീഫ് വിപ്പിന്റെ നടപടിയെ വിമര്‍ശിക്കുന്നതാണ് കത്ത്.

മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞുകൊണ്ടാണ് കത്ത് പുരോഗമിക്കുന്നത്.  പൊതു മുതല്‍ വിറ്റു നശിപ്പിക്കുന്ന കൊതിയന്‍മാര്‍ക്കെതിരേ ജീവിതാവസാനം വരെ പൊരുതും. കടലോര ഗ്രാമത്തില്‍ ജനിച്ചതില്‍ താന്‍ അഭിമാനിക്കുന്നു. ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെയാണ് താന്‍ ജീവിച്ചത്. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ജനങ്ങള്‍ തന്നെ നിയമസഭയില്‍ എത്തിച്ചത്. പി.സി. ജോര്‍ജിനെപ്പോലുള്ളവര്‍ കേരളത്തെ കളങ്കപ്പെടുത്തുന്നത് കണ്ടു നില്‍ക്കാന്‍ കഴിയില്ല. എല്ലാവരേയും എല്ലാ കാലത്തും കബളിപ്പിക്കാന്‍ കഴിയില്ലെന്നും പ്രതാപന്‍ കത്തില്‍ പറയുന്നു.

Ads By Google

പ്രിയപ്പെട്ട പി.സി ജോര്‍ജ്,

എന്റെ സമുദായം മണ്ണും മനുഷ്യനുമാണ്.

ശരിയാണ്. ഞാനൊരു കടലോര ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തില്‍ പിറന്ന വ്യക്തിയാണ്. എന്റെ പിതാവ് മത്സ്യബന്ധനം നടത്തിയും, മാതാവ് കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തുമാണ് എന്നെ വളര്‍ത്തിയത്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു.

വിശപ്പ് തീര്‍ന്ന് ഭക്ഷണം കഴിക്കാതെ, നല്ല വസ്ത്രമില്ലാതെ, പുതിയ പാഠപുസ്തകമില്ലാതെ, മഴയത്തൊര് കുടയില്ലാതെ, മണ്ണിലെ ചൂടിനായ് പാദരക്ഷയില്ലാതെ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. വൈദ്യുതിയില്ലാത്ത ഓലമേഞ്ഞ വീട്ടില്‍ മണ്ണെണ്ണ വിളക്കിന്‍ കീഴില്‍ അക്ഷരങ്ങളെ പ്രണയിച്ച് സ്വപ്‌നം കണ്ടിരുന്നപ്പോഴും എന്റെ മനസില്‍ നിറഞ്ഞു നിന്നത് മണ്ണും മനുഷ്യരുമായിരുന്നു. തിന്മക്കെതിരായ പോരാട്ടമായിരുന്നു. ഇതെല്ലാമാണ് എന്റെ ‘ കുറ്റമെന്ന്’ തിരിച്ചറിഞ്ഞ് എന്നെ നിയമസഭയിലേക്കയച്ച പാവം ജനങ്ങളെ പരിഹസിക്കരുത്, അപമാനിക്കരുത്.

മിസ്റ്റര്‍ ജോര്‍ജ്ജ്, ഞാന്‍ പഠിച്ച പാഠങ്ങളില്‍ കാടുകള്‍ ഉണ്ടായിരുന്നു. ഞാന്‍ വായിച്ച കഥകളില്‍ വയലുകളും തണ്ണീര്‍ത്തടങ്ങളുമുണ്ടായിരുന്നു. അരുവികളും തോടുകളും കുളങ്ങളുമുണ്ടായിരുന്നു. ശുദ്ധവായു ഉള്ള പച്ചപ്പ് നിറഞ്ഞതായിരുന്നു എന്റെ മതം. മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ‘ വെറിയന്‍’ മനസുമായി പൊതുമുതല്‍ വെട്ടിപ്പിടിച്ച്, വിറ്റ് നശിപ്പിച്ച് അടുത്ത തലമുറയെ ‘ പട്ടിണി’ ക്കിടുന്ന ലാഭക്കൊതിയന്മാര്‍ക്കെതിരെ പൊരുതുന്നതാണ് എന്റെ സമുദായം. അതെ മണ്ണും മനുഷ്യനും തന്നെ. പ്രിയ സ്‌നേഹിതാ ഒരു പക്ഷേ താങ്കള്‍ക്കിത് മനസിലാകണമെന്നില്ല, കാരണം സ്വന്തം മനസിനോട് ചോദിക്കുമല്ലോ.

അങ്ങേക്ക് തെറ്റി. പാട്ടക്കരാര്‍ കഴിഞ്ഞതും ലംഘിച്ചതുമായ തോട്ടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ഞങ്ങള്‍ ഇടപെടുക. നിങ്ങളെപ്പോലെയുള്ള ‘ കൊതിയന്മാരുടെ’ കണ്ണും കയ്യും പതിയുന്ന ഏതിടത്തും ഞങ്ങള്‍ വരും. തീര്‍ച്ച. അതിന് തരവും സമതലങ്ങളും പര്‍വ്വത നിരകളും അതിര്‍ത്തിയാവില്ല. മനസുമാത്രം മതി. അതിരുകളില്ലാത്ത മനസ്സ്.

മണ്ണിന്റെ കരള്‍ പറിച്ചെടുത്ത്, കശാപ്പുകാരന്റെ മൂര്‍ച്ചയുള്ള കത്തികൊണ്ട് കൊത്തിയരിഞ്ഞ് വറുത്തെടുത്ത് ‘ തീന്‍മേശ’ യിലിരുന്ന് സുഖമായി ഭക്ഷിക്കാമെന്ന് കരുതരുത്. അത് ഞങ്ങള്‍ അനുവദിക്കില്ല. എത്ര ആക്ഷേപിച്ചാലും, വാളോങ്ങി വന്നാലും സമ്മതിക്കില്ല. ഉറപ്പ്. ഇത് കേരളമാണ്. നീതിബോധമുള്ളവര്‍ ഇനിയും മരിക്കാത്തവരുടെ നാട്. മറക്കരുത്.

ഞാന്‍ ഒരു മതത്തിന്റെയും ജാതിയുടെയും ആളല്ല. ആവുകയും ഇല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഒരാനുകൂല്യവും ജീവിതത്തില്‍ കൈപ്പറ്റുകയുമില്ല. എന്നാല്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ന്യായ വികാരങ്ങളില്‍ അവരുടെ ബന്ധുവായിരിക്കും. ശബ്ദമില്ലാത്തവന്റെ ശബ്ദമാവും. ശക്തിയില്ലാത്തവന്റെ ശക്തിയാവും. തീരത്ത് ജനിച്ചതുകൊണ്ട് നിങ്ങളുടെ തിന്മയുടെ മുഖത്തെ ചോദ്യം ചെയ്തുകൂടാ എന്ന് പറഞ്ഞാല്‍ അത് കേട്ടിരിക്കുവാന്‍ മനസില്ല. വിവേകാനന്ദ സ്വാമികള്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാനവികതയുടെ കര്‍മ്മഭൂമിയാക്കി മാറ്റിയതിനെ അങ്ങനെയെപ്പോലുള്ള ‘ ബഹുമാന്യന്‍’ കളങ്കപ്പെടുത്തുന്നത് കാണുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ല. ശരിയുടെ പക്ഷത്തുനിന്ന് കൊണ്ട് അവസാന ശ്വാസംവരെയും പൊരുതും. ഇക്കാര്യം ഒരിക്കല്‍ കൂടി അങ്ങയെ ഓര്‍മിപ്പിക്കുന്നു.

അതെ ഈ ആട്ടക്കഥയില്‍ കൂടെ നിന്നാടുവാന്‍ തല്‍ക്കാലം ചിലരെ കിട്ടിയേക്കും. ചിലര്‍ കളിപ്പിക്കുവാനും ആസ്വദിക്കുവാനും കൂടെയുണ്ടാകും. ഒന്ന് ഓര്‍മ വേണം- എന്നും എല്ലായ്‌പ്പോഴും എല്ലാവരെയും കബളിപ്പിക്കാനാവില്ല.

അങ്ങയെ ദൈവം രക്ഷിക്കട്ടെ!

To                                                                                                       
ശ്രീ പി.സി ജോര്‍ജ് എം.എല്‍.എ                                                                   സ്‌നേഹത്തോടെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ
നെയ്യാര്‍ ബ്ലോക്ക് 2C
എം.എല്‍.എ ക്വാട്ടേഴ്‌സ്
പാളയം
തിരുവനന്തപുരം   

Advertisement