Categories

സിനിമകള്‍ ജനങ്ങളില്‍ നിന്നകലുന്നു: ടി.എന്‍ പ്രതാപന്‍

സ്ഥലം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി. ഐ.സി യൂണിറ്റിന് മുന്നില്‍ കാത്തിരിക്കുന്ന യുവതിയുടെ അടുത്തേക്ക് ഡോക്ടര്‍ വേഗത്തില്‍ നടന്നുവരികയാണ്. ആളുകള്‍ അമ്പരപ്പോടെ നില്‍ക്കുന്നു. നടി മീരാജാസ്മിനാണ് യുവതി. ഡോക്ടര്‍ നാട്ടിക എം.എല്‍.എ ടി.എന്‍ പ്രതാപന്‍.

കണ്ടു നിന്നവര്‍ക്ക് കാര്യം പിടികിട്ടി. ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൊഹബത്ത് എന്നസിനിമയുടെ ഷൂട്ടിംഗാണ്. പരിചയസമ്പന്നനായ ആക്ടറെ പോലെ ഒറ്റടേക്കില്‍ തന്നെ പ്രതാപന്‍ ആ ഷോട്ട് പൂര്‍ത്തിയാക്കി. സംവിധായകന്‍ ഈസ്റ്റ്‌കോസ്റ്റ് വിജയന്‍ സന്തോഷത്തോടെ എം.എല്‍.എയുടെ കൈപിടിച്ച് കുലുക്കി.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന ട്രന്റെ കുറച്ച് മുമ്പെയുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതാക്കന്‍മാര്‍ കലാരംഗത്തേക്ക് ഇറങ്ങിവരുന്ന ട്രന്റാണ് ഈയിടെ കണ്ടുകൊണ്ടിരിക്കുന്നത്. അമര്‍സിങ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, ജോസ് തെറ്റയില്‍, ടി എന്‍ പ്രതാപന്‍ തുടങ്ങി ഇവരുടെ ലിസ്റ്റുകള്‍ ചിലപ്പോള്‍ ഇനിയും നീണ്ടേക്കാം.

നാട്ടിക എം.എല്‍.എ ടി പ്രതാപന്‍ ഒന്നിലധികം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ടി.എന്‍ പ്രതാപന്‍ തന്റെ സിനിമാ അനുഭവങ്ങള്‍ ഡൂള്‍ന്യൂസ് പ്രതിനിധി ജിന്‍സി ബാലകൃഷ്ണനുമായി പങ്കുവെക്കുന്നു.

മുഹബത്തിലെ കഥാപാത്രത്തെക്കുറിച്ച്

മുഹബത്തില്‍ ഞാനൊരു ഡോക്ടറുടെ വേഷത്തിലാണെത്തുന്നത്. ഡോക്ടര്‍ മൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. സാമൂഹ്യതത്പരനായ ഡോക്ടറാണ് മൂര്‍ത്തി. സിനിമയുടെ തുടക്കത്തിലാണ് ഡോക്ടറുടെ ഭാഗം വരുന്നത്. ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ ആശുപത്രിയിലെത്തുന്ന നായകനെ രക്ഷിക്കുന്നത് ഡോ.മൂര്‍ത്തിയാണ്.

എങ്ങനെയാണ് മുഹബത്തില്‍ അഭിനയിക്കാനെത്തുന്നത്

നിര്‍മാതാവ് ഈസ്റ്റ് കോസ്റ്റ് വിജയനാണ് മുഹബത്തിലെ വേഷം ചെയ്യാനായി എന്നെ ക്ഷണിക്കുന്നത്. നല്ല വേഷമാണെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്കു ചെയ്യാന്‍ കഴിയുമെന്ന് തോന്നി.

ഇപ്പോള്‍ ഷൂട്ടിങ് പൂര്‍ത്തിയായി. ഇരിങ്ങാലക്കുടയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. എന്റെ വേഷം നന്നായി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബാക്കികാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു
പഠിക്കുന്നകാലത്തുതന്നെ കൊച്ചു കൊച്ചു നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. പിന്നീട് രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കിലായപ്പോള്‍ അഭിനയത്തോടുള്ള താല്‍പര്യം കുറച്ചുകാലം മാറ്റിവയ്‌ക്കേണ്ടി വന്നു.

പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ജയറാമിന്റെ കൂടെ ഒരു ചെറിയ ഭാഗത്ത് മാത്രമേ ഞാനുണ്ടായിരുന്നുള്ളൂ. അതിനുശേഷം കെ.കെ റോഡ് എന്ന ചിത്രത്തിലൊരു വേഷം ചെയ്തു. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.

മുഹബത്തില്‍ വരുന്നതിനുമുന്‍പ് ഞാനൊരു നാടകത്തില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നിയമസഭയില്‍ എം.എല്‍.മാര്‍ അവതരിപ്പിച്ച നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

ഒരു സിനിമാ ആസ്വാദകനെന്ന നിലയില്‍ ഇപ്പോഴത്തെ മലയാള സിനിമകളെ എങ്ങനെ വിലയിരുത്തുന്നു

മുമ്പത്തെ മലയാള സിനിമകള്‍ ജനമനസ്സിനോട് അടുത്തു നില്‍ക്കുന്നവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സിനിമകളും ജനമനസ്സുകളില്‍ നിന്നും അകന്നകന്നുപോകുകയാണ് ചെയ്യുന്നത്. മനുഷ്യമനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയുന്ന കഥകള്‍ കുറവാണ്. സാമൂഹികമായ പ്രശ്‌നങ്ങളെ വിഷയമാക്കാനുള്ള ശ്രമമൊന്നും നടക്കുന്നില്ല.

എനിക്കുതോന്നുന്ന മാനുഷികമായി വിഷയങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യുന്ന സിനിമകള്‍ മലയാളത്തില്‍ വരേണ്ടതുണ്ടെന്നാണ്.

അഭിനയരംഗത്ത് തുടരാന്‍ താല്‍പര്യമുണ്ടോ

അഭിനയം എന്റെ മനസ്സില്‍ എന്നും ഉണ്ട്. അതുകൊണ്ടുതന്നെ നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഞാന്‍ ചെയ്യും. എനിക്ക് അനുയോജ്യമായ വേഷങ്ങള്‍ ഇനി ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സ്വീകരിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.