കൊച്ചി: ഇന്നലെ അന്തരിച്ച ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ടി.എം.ജേക്കബിന്റെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. പ്രത്യേകം അലങ്കരിച്ച ആംബുലന്‍സില്‍ വിലാപയാത്രയായി രാവിലെ 10.50 ഓടെയാണ് മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളില്‍ വന്‍ ജനക്കൂട്ടം ദൃശ്യമായിരുന്നു. ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെടെയുള്ള നേതാക്കളും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചു.

പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം രാവിലെ ഒന്‍പതരയോടെയാണ് മൃതദേഹം ആശുപത്രിയില്‍ നിന്നെടുത്തത്. ജോസ് കെ.മാണി എംപി, എക്‌സൈസ് മന്ത്രി കെ.ബാബു തുടങ്ങിയവര്‍ രാവിലെ തന്നെ ടൗണ്‍ ഹാളിലെത്തി. മറ്റു മന്ത്രിമാരും എം.എല്‍.മാരും പിന്നീട് എത്തിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു പുറമെ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി. കൊച്ചി മേയര്‍ ടോണി ചമ്മിണി നഗരസഭയ്ക്കു വേണ്ടി മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Subscribe Us:

ഉച്ചയോടെ മൃതദേഹം പിറവത്തേക്കു കൊണ്ടു പോകും. പിറവം സെന്റ് ജോസഫ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.അതിനു ശേഷം വീട്ടിലേക്കു കൊണ്ടു പോകും. നാളെ രാവിലെ 10 മണിക്ക് കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ്‌മേരീസ് യാക്കോബായ പള്ളിയില്‍ ആണു സംസ്‌കാരം.