എറണാകുളം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ടി.എം ജേക്കബ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധിച്ച രോഗം ബാധിച്ച് ഈ മാസം പത്ത് മുതല്‍ എറണാകുളത്തെ ലേക് ഷോര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകീട്ടോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്കും  രാത്രി പത്ത് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റി എറെ താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.

1950 സപ്തംബര്‍ 16 ന് എറണാകുളം ജില്ലയിലെ തിരുമാറാടി പഞ്ചായത്തിലെ താണിക്കുന്നേല്‍ തറവാട്ടില്‍ ടിഎസ് മാത്യുവിന്റെയും അന്നമ്മ മാത്യവിന്റെയും മകനായാണ് ജനനം. കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജേക്കബ് 1971ല്‍ കെ.എസ്.സിയുടെ ജനറല്‍ സെക്രട്ടറിയും 72മുതല്‍ 75 വരെ സംസ്ഥാന പ്രസിഡന്റുമായി. 76-78 വരെ കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായി.

കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ 1977 ല്‍ ഇരുപത്തിയാറാം വയസ്സില്‍ എറണാകുളം ജില്ലയിലെ പിറവത്ത് നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് പിറവം, കോതമംഗലം എന്നീ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് അഞ്ചാം നിയമസഭ മുതല്‍ പതിനൊന്നാം നിയമസഭ വരെ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു.

1991, 1996, 2001 വര്‍ഷങ്ങളില്‍ പിറവത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1980, 1982, 1987 വര്‍ഷങ്ങളില്‍ കോതമംഗലത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു. 77 മുതല്‍ 2002 വരെ തുടര്‍ച്ചയായി നിയമസഭാംഗമായ ജേക്കബ് 2002 മാര്‍ച്ചില്‍ തോല്‍വി അറിയാതെ നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. 2006ല്‍ പിറവത്ത് നിന്ന്  തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജേക്കബ് 2011 ല്‍ 157 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും പിറവത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

79-81ലും, 87-91ലും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി. 1993ല്‍ മാതൃസംഘടനയില്‍ നിന്ന് പിരിഞ്ഞ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന് രൂപം നല്‍കി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡി.ഐ.സി. (കെ) രൂപവത്കരിച്ചപ്പോള്‍ ജേക്കബ് അതിന്റെ ഭാഗമായെങ്കിലും പിന്നീട് സ്വന്തം പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു.

1982 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ വിദ്യഭ്യാസ മന്ത്രിയായി. എംജി വാഴ്‌സിറ്റി രൂപീകരിക്കാന്‍ തീരുമാനമെടുത്തതും കോളജുകളില്‍നിന്നു പ്രീഡിഗ്രി കോഴ്‌സ് വേര്‍പെടുത്താന്‍ തുടക്കമിട്ടതും ഇക്കാലത്തായിരുന്നു. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ അംഗീകാരം നേടിയ ജേക്കബ് 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ജലസേചന-സാംസ്‌കാരിക മന്ത്രിയായി.

ഇക്കാലത്താണ് കേരളത്തിനായി ആദ്യമായൊരു ജലനയം രൂപീകരിച്ചത്. പിന്നീട് 2001ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വീണ്ടും ജലസേചന മന്ത്രിയായി സേവനമനുഷ്ഠിച്ചു. ആന്റണിക്ക് പകരം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭയില്‍ നിന്നൊഴിവാക്കപ്പെട്ടു. 2005ല്‍ കെ.കരുണാകരനോടൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്ന് ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് പുനരുജ്ജീവിപ്പിച്ച് പിറവത്ത് നിന്ന് മത്സരിച്ച്് വീണ്ടും നിയമസഭയിലെത്തുകയായിരുന്നു.

മണ്ണത്തൂര്‍ സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, വടകര സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ്  എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആനി ജേക്കബാണ് ഭാര്യ. മക്കള്‍: അനൂപ് ജേക്കബ്, അമ്പിളി.