കോഴിക്കോട്: ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ സുരക്ഷയും സ്വാതന്ത്ര്യവും കേരളത്തിലെ ജനകീയ സമരങ്ങള്‍ക്കും അനുവദിക്കണമെന്ന് ആര്‍.പി.ഐ.ഐ ചെയര്‍മാന്‍ ടി.എല്‍ സന്തോഷ്. പുതുവൈപ്പിനില്‍ സമരം ചെയ്തവര്‍ക്കും, മകന് നീതിയാവശ്യപ്പെട്ട് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മയ്ക്കുമൊക്കെ ഈ സ്വാതന്ത്ര്യം സര്‍ക്കാറില്‍ നിന്നുലഭിച്ചില്ലെന്ന വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ടി.എല്‍ സന്തോഷ് ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.

Subscribe Us:

അമിത് ഷാക്ക് വഴിയും സുരക്ഷയും ഒരുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് സ്വാഗതാര്‍ഹമാണ്. പക്ഷെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ റോഡ്‌സ്വകാര്യവത്ക്കരിക്കുന്നതിനെതിരായും കുടിയൊഴിപ്പിക്കപ്പെടുന്നതിനെതിരായുമെല്ലാം ഉയരുന്ന സമരങ്ങളുടെ കാര്യത്തില്‍ ഈ നിലപാട് സ്വീകരിക്കുമോ എന്നു കൂടി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.


Also Read: വിമാനത്തില്‍ നിന്നിറങ്ങാനായി കൊണ്ടുവന്ന സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി: ഒടുക്കം നടന്നിറങ്ങിയ സൗദി രാജാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ


‘പുതുവെയ്പിലെ സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളും അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് സമരം ചെയ്യുന്നത്. സ്വന്തം മണ്ണിനും സുരക്ഷക്കും സ്വാകാര്യവത്കരണത്തിനുമെതിരെ സമരം ചെയ്യുന്ന വരെ ഗുണ്ടാ നിയമം പ്രയോഗിച്ച് ജയിലിലടക്കുമെന്ന ഭീഷണി ഈ നിലപാടിനോടു ചേര്‍ന്നു പോകുന്നതല്ല. ചെങ്ങറയിലെ കുടിയേറ്റക്കാരെ ഇറക്കിവിടാന്‍ സി.പി.ഐ.എം നടത്തുന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസത്തിന്റെ കാരണമെന്താണ്? അമിത് ഷാക്കുള്ള സ്വാതന്ത്രം ഈ ജനകീയ സമരങ്ങള്‍ക്കും അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജിഷ്ണു പ്രണോയുടെ അമ്മ മഹിജക്കും സഹപ്രവര്‍ത്തകര്‍ക്കുമുണ്ടായത് വ്യത്യസ്തമായ അനുഭവമാണ്.’ അദ്ദേഹം പറയുന്നു.

അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കണ്ണൂരിലെ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തിയതിനെയും മറ്റും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. കേരളത്തിലെ ഇടതുപക്ഷവും ഇടതുപക്ഷ സര്‍ക്കാരുകളും ജനാധിപത്യ മൂല്യങ്ങളേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഉയര്‍ത്തി പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അതിനാല്‍ അമിത് ഷാക്ക് വഴിയും സുരക്ഷയും ഒരുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതിനു പിന്നാലെയാണ് ടി.എല്‍ സന്തോഷ് ജനകീയ സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തെ വിമര്‍ശിച്ചു രംഗത്തുവന്നത്.