എഡിറ്റര്‍
എഡിറ്റര്‍
ഈ സമരകാലത്തിന് മുന്നില്‍ ടി.പിയുണ്ട്, ചോദ്യവും ഉത്തരവുമായി
എഡിറ്റര്‍
Wednesday 3rd May 2017 3:49pm

 


ആരൊക്കെ വീണു പോയാലും ഒഞ്ചിയം രക്തസാക്ഷികള്‍ സ്വപ്നം കണ്ട ഭാവിയുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോവുക തന്നെ ചെയ്യും എന്ന് പറഞ്ഞു കൊണ്ടാണ് ടി.പി ആ പ്രസംഗം അവസാനിപ്പിച്ചത്.ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ ഇടപെടുന്ന രാഷ്ട്രീയ കേരളത്തിന് അഞ്ച് വയസ്സ് പ്രായമായിരിക്കുന്നു. വടിവാള്‍ കൊണ്ട് ആദ്യവും നട്ടാല്‍ മുളയ്ക്കാത്ത നുണവാളുകള്‍ കൊണ്ട് പിന്നീടും അരിഞ്ഞില്ലാതാക്കാന്‍ ശ്രമിച്ചിട്ടും നേരിന്റെ പടനിലങ്ങളില്‍ ആയിരങ്ങളായ് പുനര്‍ജനിക്കുന്ന രക്തസാക്ഷിത്വമാണ് സഖാവ് ടി.പി ചന്ദ്രശേഖരന്‍. സമീപകാല കേരളം വായിച്ചും കേട്ടും സാക്ഷിയായും ഇടപെട്ടും പിന്തുടര്‍ന്ന, ഇനിയൊരു വിശദീകരണം ഒട്ടുമേ വേണ്ടതില്ലാത്ത ചരിത്രമാണ് ടി.പിയുടെ രക്തസാക്ഷിത്വം.

ആത്മാര്‍പ്പണത്തിന്റെ അപാരമായ ആത്മാര്‍ത്ഥതയാല്‍ രാഷ്ട്രീയ-അരാഷ്ട്രീയ കേരളത്തെ വിസ്മയിപ്പിക്കുകയും വിറപ്പിക്കുകയും ചെയ്ത ആ രക്തസാക്ഷിത്വം ഭാവിയിലേക്ക് നടത്തുന്ന പ്രയാണത്തിന്റെ പ്രസക്തി തീര്‍ച്ചയായും ഈ അഞ്ചാം സ്മൃതിവാര്‍ഷികത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് വിചാരിക്കുന്നു.

മുന്നണികളും വ്യവസ്ഥാവിധേയ കക്ഷികളും തങ്ങള്‍ പകുത്തുവാങ്ങിയെന്ന് ധരിക്കുന്ന രാഷ്ട്രീയ കേരളത്തില്‍ ടി.പിയുടെ രക്തസാക്ഷിത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടവും പ്രസക്തിയുമെവിടെയാണ്?

വ്യക്തിപരമായി അടുത്തറിയാവുന്നവര്‍ക്കപ്പുറത്തുള്ള സമൂഹത്തെ ടി.പി.യുടെ രക്തസാക്ഷിത്വം എങ്ങനെയാണ് ഇത്രയാഴത്തില്‍ സ്വാധീനിക്കുന്നത്?

ഈ ചോദ്യങ്ങള്‍ വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ടി.പി.വധത്തില്‍ പ്രതിസ്ഥാനത്ത് നിന്ന് വിചാരണ നേരിട്ട സി.പി.ഐ.എം പോലൊരു പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കേരളത്തില്‍ ഭരണത്തിലേറി നില്‍ക്കുമ്പോള്‍.

സി.പി.ഐ.എമ്മിന് ഈ ഭരണ ലബ്ധി പകര്‍ന്ന് നല്‍കിയ ശുഭാപ്തി വിശ്വാസം ഒഞ്ചിയത്ത് പലതരത്തില്‍ പ്രകടമാണ്. ഞാനിതെഴുമ്പോള്‍ ടി.പിയുടെ പേരില്‍ ഉയര്‍ത്തപ്പെട്ട ഒഞ്ചിയം മേഖലയിലുള്ള പ്രചാരണ ബോര്‍ഡുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നു.

ആര്‍.എം.പി.ഐയുടെ നിരവധി ആപ്പീസുകള്‍, നിരവധി ചെറുപ്പക്കാര്‍ (വിഷ്ണു കുക്കു ഒടുവിലത്തെ ഉദാഹരണം) എന്നിവര്‍ വലിയ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഒഞ്ചിയത്തിന്റെ മണ്ണില്‍ ആര്‍.എം.പി.ഐ ശക്തയി നില നില്‍ക്കുന്നു.

ആര്‍.എം.പി.ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് നിങ്ങള്‍ക്ക് വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവാം. പക്ഷേ ജനാധിപത്യത്തില്‍ അത്തരമൊരു പരീക്ഷണം, ആ സാന്നിദ്ധ്യം വളരെ പ്രധാനമാണ്. കാരണം അധികാരവുമായി ബന്ധപ്പെട്ട വലിയ പ്രചോദനങ്ങളൊന്നുമില്ലാത്ത നില്‍പ്പാണത്.

തൊഴില്‍ ദാതാവോ മറ്റു ജീവിത സൗകര്യങ്ങള്‍ ഒരുക്കി നല്‍കി അണികളെ ആകര്‍ഷിക്കാവുന്ന മൂലധന ആസ്തിയോ ഉള്ള പാര്‍ട്ടിയല്ല അത്. സമീപസ്ഥ പാര്‍ട്ടി ഗ്രാമങ്ങളില്‍ തൊഴില്‍ നിഷേധവും ജീവനു ഭീഷണിയും ലഭിക്കാവുന്നതാണ് ആര്‍.എം.പി.ഐ ക്കാരന്‍ എന്ന ഐഡന്റിറ്റി. (കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് ഒഞ്ചിയത്തിന്റെ വടക്കന്‍ അതിര്‍ത്തി എന്നോര്‍ക്കുക )

വലിയ പ്രതിസന്ധികളാണ് ഒരു ആര്‍.എം.പി പ്രവര്‍ത്തകന്റെ ജീവിതത്തെ കാത്തിരിക്കുന്നത്. എന്നിട്ടും ഒരു രക്തസാക്ഷി ഗ്രാമം, അവിടുത്തെ ജനത ഞങ്ങള്‍ ടി.പിയുടെ പിന്‍മുറയെന്ന് മടിയില്ലാതെ പ്രഖ്യാപിക്കുന്നു. തങ്ങളെ കാത്തിരിക്കുന്ന വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കുന്നു.

2012 ഏപ്രില്‍ 30ന്റെ ഒഞ്ചിയം രക്തസാക്ഷി ദിനത്തില്‍ പ്രവചന സ്വഭാവിയായ തന്റെ പ്രസംഗത്തില്‍ ടി.പി സഖാക്കളെ ഓര്‍മ്മിപ്പിച്ചത് ”ഭാവിയുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോവുക എന്നത് അങ്ങേയറ്റം ത്യാഗപൂര്‍ണ്ണവും വിഷമകരവുമായ കാര്യമാണ് ” എന്നാണ്.

അതിനിടയില്‍ നമ്മളില്‍ ചിലര്‍ വീണു പോയേക്കാം. ആരൊക്കെ വീണു പോയാലും ഒഞ്ചിയം രക്തസാക്ഷികള്‍ സ്വപ്നം കണ്ട ഭാവിയുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടു പോവുക തന്നെ ചെയ്യും എന്ന് പറഞ്ഞു കൊണ്ടാണ് ടി.പി ആ പ്രസംഗം അവസാനിപ്പിച്ചത്.

പിന്നെ നാലു ദിവസങ്ങള്‍ മാത്രമാണ് ടി.പി. ജീവിച്ചിരുന്നത്. പ്രഖ്യാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കയ്യൊഴിഞ്ഞ ഇടങ്ങളിലെ മനുഷ്യരുടെ ജീവിതങ്ങളെക്കുറിച്ചും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ടി.പി. നിരന്തരം ഓര്‍മ്മിപ്പിച്ചു.

മുതലാളിത്ത വികസനത്തില്‍ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്ന മനുഷ്യര്‍, അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്ന മനുഷ്യര്‍, പ്രകൃതി വിഭവങ്ങള്‍ അന്ധമായി കൊള്ളയടിക്കുന്നതിലൂടെ പരിസ്ഥിതിക്ക് സംഭവിക്കുന്ന വിനാശങ്ങള്‍ എന്നിവയെ കുറിച്ച് നിതാന്ത ജാഗ്രതയുള്ളതായിരുന്നു ടി.പിയുടെ രാഷ്ട്രീയ ബോദ്ധ്യങ്ങള്‍.

ഈ പ്രശ്‌നങ്ങള്‍ NGO സംഘങ്ങള്‍ക്കും സ്വത്വ രാഷ്ട്രീയ സംഘങ്ങള്‍ക്കും വിട്ടുകൊടുക്കുകയല്ല, ഇടതുപക്ഷ രാഷ്ട്രീയം അഭിസംബോധന ചെയ്യുകയാണ് വേണ്ടതെന്ന് ടി.പി. നിരന്തരം ഓര്‍മ്മിപ്പിച്ചു. പ്രസംഗിക്കുക മാത്രമല്ല പ്രക്ഷോഭപ്രയോഗ മാതൃകകളും ടി.പി അവതരിപ്പിച്ചു.

ദേശീയ പാത 45 മീറ്ററാക്കി BOT എന്ന പേരില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ നേതൃനിര സംഘാടകരില്‍ ടി.പി ഉണ്ടായിരുന്നു. പാലിയേക്കര ടോള്‍ വിരുദ്ധ പ്രക്ഷോഭം, പ്രാദേശിക നെല്‍വയല്‍ സംരക്ഷണം, ഐസ് ഫാക്ടറി വിരുദ്ധ സമരം തുടങ്ങി നിരവധി സമരങ്ങളില്‍ നേതൃത്വം നല്‍കുകയോ ഇടപെടുകയോ ചെയ്തിട്ടുണ്ട് ടി.പി.

സൂക്ഷ്മതലത്തില്‍ ജനത സ്വയം നിര്‍ണ്ണയിക്കുന്ന ഒട്ടനേകം പ്രക്ഷോഭങ്ങള്‍ക്കാണ് ടി.പി.ക്ക് ശേഷമുള്ള കേരളം സാക്ഷ്യം വഹിച്ചത്.

നഴ്‌സിംഗ് മേഖലയിലും ടെക്‌സ്‌റ്റൈല്‍ മേഖലയിലും തോട്ടം തൊഴിലാളി മേഖലകളിലുമടക്കം നടന്ന പ്രക്ഷോഭങ്ങള്‍ വ്യവസ്ഥാപിത ഇടതുപക്ഷ പാര്‍ട്ടികളെ ഗൗരവമായി പരിഗണിച്ചില്ല. ടി.പി.വധവും അതിനെ തുടര്‍ന്നുള്ള പ്രതിരോധങ്ങളും സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ ധാര്‍മ്മിക /നൈതിക അസ്തിത്വം അത്രമേല്‍ ചോദ്യം ചെയ്തിട്ടുണ്ട് .

ഇന്നിപ്പോള്‍ പിണറായി വിജയന്‍ അധികാരത്തിലേറിയതിന് ശേഷമുള്ള കേരളം ടി.പി ഉയര്‍ത്തിയ ചോദ്യങ്ങളുടെ പ്രസക്തി നിരന്തരം വിളിച്ചോതുന്നു. ദേശിയ പാതയിലും വിഴിഞ്ഞം പദ്ധതിയിലും അതിരപ്പിള്ളിയിലുമടക്കം യു.ഡി.എഫില്‍ നിന്നു വ്യത്യസ്തമായ ഒരു നയം എല്‍.ഡി.എഫിന് ഇല്ലെന്ന് മാത്രമല്ല , അവരേക്കാള്‍ അക്രമോത്സുകമായി അത് നടപ്പാക്കുമെന്ന് പിണറായി വിജയനും സഹമന്ത്രിമാരും പ്രഖ്യാപിക്കുന്നു.

നിലമ്പൂര്‍ കാട്ടിലെ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പൊലീസ് ഭീകരത ഈ ഭരണാധികാരികളാല്‍ നിര്‍ലജ്ജം ന്യായീകരിക്കപ്പെടുന്നു. ‘സേനയുടെ മനോവീര്യം’ പോലുള്ള സൈനിക ഭരണാധികാര വലതു പദാവലികളാല്‍ വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പ്രതിരോധം ചമയ്ക്കുന്നവര്‍ സ്വയം വിശേഷിപ്പിക്കുന്നത് തങ്ങള്‍ ഇടതുപക്ഷമാണെന്നാണ് പിടികൂടി വെടിവെച്ചു കൊന്നവരുടെ മൃതദേഹ പൊതുദര്‍ശനം പോലും നിരോധിച്ചവര്‍, ശ്മശാനത്തില്‍ മൃതദേഹത്തിന് മുന്നില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ കോളറിന് കുത്തിപ്പിടിക്കാന്‍ കൈയ്യറപ്പില്ലാത്ത ഈ തികഞ്ഞ സംഘീ പോലീസ് ഭരണമാണ് ഇടതുപക്ഷമെന്ന മേലങ്കിയണിഞ്ഞ് ഇടതുപക്ഷത്തെ പരിഹാസ്യമാക്കി കൊണ്ടിരിക്കുന്നത്.

മകന്റെ ചോരയ്ക്ക് നീതി ചോദിച്ചെത്തിയ മാതാവിനെ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ തെരുവില്‍ വലിച്ചിഴയ്ക്കുന്നു. തുടര്‍ന്ന് അവരെയും കുടുംബത്തേയും നിരവധി നുണകള്‍ പറഞ്ഞ് അവഹേളിക്കുന്നു. ഇടിമുറിമുതലാളിമാരും വഞ്ചകഭരണക്കാരും തമ്മിലുള്ള ഒത്തുകളികളില്‍ നിസ്സഹായയായി തീര്‍ന്നൊരമ്മയുടെ സഹനസമരത്തെ സഹായിക്കുന്നത് പോലും ഈ പൊലീസ് ഭരണത്തില്‍ ജാമ്യമില്ലാക്കുറ്റമായി തീര്‍ന്നിരിക്കുന്നു.

സി.പി.ഐ.എം അനുഭാവിയായ നദി ഉള്‍പ്പടെയുള്ള പല ആക്ടിവിസ്റ്റുകളും യു.എ.പി.എയില്‍ പ്രതി ചേര്‍ക്കപ്പെടുന്നു.

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിനെ സംസ്ഥാന മുഖ്യമന്ത്രി തന്നെ പിന്നില്‍ നിന്നു കുത്തുന്നു. വന്‍കിട കൈയ്യേറ്റമാഫിയയുടെ കൈകളിലെ കോടാലിയായി തീര്‍ന്ന മന്ത്രിമാര്‍ തന്നെ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ കൈകാല്‍ വെട്ടുമെന്ന ഭീഷണി മുഴക്കുകയാണ്.

സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗത്തിന്ന് ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരുന്നു . സ്വജനപക്ഷപാത നിയമനമെന്ന അഴിമതി പ്രശ്‌നത്തില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നയാള്‍ കേന്ദ്രകമ്മിറ്റിയില്‍ ഇളക്കമില്ലാതെ ഇരിക്കുന്നു.

നവലിബറല്‍ സാമ്പത്തിക വിശാരദ ‘ഇടതു’ഭരണത്തില്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയാകുമ്പോള്‍ സംശയത്തിന്റെ അവസാന നൂലിഴകളുമറ്റ് ഒരു വഞ്ചകരാഷ്ട്രീയം പൂര്‍ണ്ണമായും നഗ്‌നമാക്കപ്പെടുന്നു. ഗീതാഗോപിനാഥിനെ പിന്‍പറ്റി മാഫിയാ വക്കാലത്തുകാരന്‍ നിയമോപദേശകനും, രമണ്‍ ശ്രീവാസ്തവ പൊലീസ് ഉപദേശകനുമായി ചുമതലയേല്‍ക്കുമ്പോള്‍ ഈ ഭരണത്തിന്റെ വര്‍ഗ്ഗരാഷ്ട്രീയത്തെ കുറിച്ച് ഏതെങ്കിലും നിഷ്‌കളങ്ക മനസ്സുകളില്‍ ബാക്കിയുണ്ടായേക്കാവുന്ന അവസാന തെറ്റിദ്ധാരണയും പരിഹരിക്കപ്പെടുകയാണ്

‘ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്നു പുറത്താക്കിയാലും ചോദ്യം ക്ലാസില്‍ ബാക്കിയുണ്ടാവും’ എന്ന് പറഞ്ഞത് എം.എന്‍ വിജയനാണ്.

ചന്ദ്രശേഖരനെ കൊന്നില്ലാതാക്കിയാലും സമരോജ്വല ജീവിതവും സഹനോജ്വല മരണവും കൊണ്ട് ചന്ദ്രശേഖരന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ധീരമായി നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികാരത്തിന്റെ ജനവിരുദ്ധ ധാര്‍ഷ്ട്യങ്ങള്‍ക്കും ദുശ്ശാസനകള്‍ക്കും മുന്നില്‍ നേരിന്റെ വീറോടെ ഇന്നും നിവര്‍ന്നു നില്‍ക്കുന്ന ചോദ്യങ്ങളില്‍ കുതിക്കുന്നത് ചന്ദ്രശേഖരന്റെ ചോരയാകുന്നു.

നവലിബറല്‍ കച്ചവടകാലം വിലയ്ക്കുവാങ്ങിയ അധികാര രാഷ്ട്രീയ മുന്നണികളോട് കണക്ക് ചോദിക്കാന്‍ നാടിനെ പഠിപ്പിച്ചത് ആ ചോരയാകുന്നു. വഞ്ചകമുന്നണികളുടെ താങ്ങും തുണയുമില്ലാതെ, ജീവിതത്തിന്റെ രാഷ്ട്രീയം ഉയിരോട് ചേര്‍ത്ത് ഉറക്കെ പറയാനും അനുഭവങ്ങളുടെ കനലുകളില്‍ നിന്ന് തെരുവില്‍ പോരാട്ടത്തിന്റെ തീപടര്‍ത്താനും ജനതയെ പ്രാപ്തരാക്കിയത്, മാനവികതയുടെ കാതലുള്ള ആ തന്റേടിയുടെ ചോരയാകുന്നു. തീര്‍ച്ചയായും ടി.പി ഈ സമരകാലത്തിന് മുന്നില്‍ നില്‍ക്കുന്നു, ചോദ്യവും ഉത്തരവുമായി

Advertisement