തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടി.കെ പളനി പാര്‍ട്ടി വിടുന്നു. സി.പി.ഐ.എം വിട്ട് സി.പി.ഐയില്‍ ചേരുകയാണെന്നും പാര്‍ട്ടിയില്‍ നിന്നും നിരന്തരം അവഗണന നേരിടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം പ്രതികരിച്ചു.

സി.പി.ഐയില്‍ ചേരുന്ന കാര്യം സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചെങ്കൊടിക്ക് കീഴില്‍ തന്നെ പ്രവര്‍ത്തിക്കണമെന്നുള്ളത് കൊണ്ടാണ് സി.പി.ഐയിലേക്ക് പോകുന്നതെന്നും ടി.കെ.പളനി അറിയിച്ചു.

ആശ്രിതത്വമാണ് സി.പി.ഐ.എമ്മിന് വേണ്ടത്. അതിന് നില്‍ക്കാത്തവരോട് അവഗണനയാണ്. ഞാന്‍ പാര്‍ട്ടിയില്‍ നിന്നു പോയാലും അവര്‍ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലാതായി. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ പോലും നേതാക്കള്‍ തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Dont Miss നടനും മിമിക്രി താരവുമായ അബി അന്തരിച്ചു


അതേസമയം ടി.കെ. പളനി പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നും കാലങ്ങളായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവുമായി നടക്കുകയായിരുന്നു അദ്ദേഹമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രതികരിച്ചു.

പളനി സിപിഐയില്‍ പോയെങ്കില്‍ അത് അവര്‍ അനുഭവിച്ചോളും. നേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചയാളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ നിര്‍ത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും പോകുന്നതില്‍ ദുഃഖമില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ നേരത്തെ വി.എസ് അച്യുതാനന്ദനെതിരെ ആരോപണങ്ങളുമായി ടി.കെ.പളനി രംഗത്തെത്തിയിരുന്നു. ജില്ലാ സെക്രട്ടറിക്കെതിരെയും പളനി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു.