മങ്കട: തന്നെ ഇത്രയും കാലം ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കി സഹായിച്ച ഉമ്മയുടെ വയറില്‍ കത്തി കുത്തിയിരിക്കുകയാണ് അലിയെന്ന് മുന്‍ എംപി ടി കെ ഹംസ.

പാര്‍ട്ടിയോടത്ര സ്‌നേഹവും കൂറും മഞ്ഞളാംകുഴി അലിക്കുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് ഇത്രയുംകാലം മെമ്പര്‍ഷിപ്പെടുക്കാതെ നിന്നു. പാര്‍ട്ടിയെ കൊണ്ടു എന്തെല്ലാം നേടിയെടുക്കാന്‍ കഴിയുമോ അതെല്ലാം നേടിയെടുത്ത് വഞ്ചിച്ചത് നന്ദികേടും കൊടും വഞ്ചനയുമാണെന്ന് ടി കെ ഹംസ കൂട്ടിച്ചേര്‍ത്തു.

കടലില്‍ ഒരുപാട് മല്‍സ്യങ്ങളും ജന്തുജാലങ്ങളും ഉണ്ട്. അതില്‍ ചെറുമല്‍സ്യങ്ങള്‍ എത്ര ചത്തുപോവുന്നുണ്ട്. അതുപോലൊത്തൊരു കാര്യമായിട്ടേ അലിയെ കാണാനാവൂ.

നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവാസി ക്ഷേമബോര്‍ഡിന്റെയും ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതിലുള്ള അരിശവും അസൂയയുമാണ് മഞ്ഞളാംകുഴി അലി തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു

വാണം വിടാനും അത് നോക്കിനില്‍ക്കാനും ധാരാളം ആളുകളുണ്ടാവും. എന്നാല്‍ വാണത്തിന്റെ അവശിഷ്ടം വന്നുചാടുന്ന സ്ഥലം ആരും ശ്രദ്ധിക്കാറില്ല. ഈ അവസ്ഥയാണ് മഞ്ഞളാംകുഴി അലിക്ക് വരാന്‍ പോകുന്നതെന്നു ടി കെ ഹംസ വ്യക്തമാക്കി.