Categories

നിര്‍ബന്ധിത സ്ഥലമേറ്റെടുക്കല്‍: പഞ്ചാബ് സര്‍ക്കാരിനെതിരെ മനീഷ് തിവാരി

manish-thivari

ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലെ നിര്‍ബന്ധിത സ്ഥലമേറ്റെടുക്കലിനെതിരെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രമന്ത്രി മനീഷ് തിവാരിയുടെ താക്കീത്.

സിധ്വാന്‍ കനാലിന് സമീപം വ്യാവസായിക പാര്‍ക്കും ടൗണ്‍ഷിപ്പും നിര്‍മ്മിക്കാനാണ് ഒന്‍പത് ഗ്രാമങ്ങളില്‍ ബലമായി സ്ഥലമേറ്റെടുക്കുന്നത്.

നിലവിലുള്ള വ്യാവസായിക പാര്‍ക്കുകളും കേന്ദ്രങ്ങളും തന്നെ ശ്രദ്ധ ലഭിക്കാത്ത അവസ്ഥയിലാണ്. വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്. ഈ സാഹചര്യത്തില്‍ പുതിയൊരു വ്യാവസായിക പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് പിന്നിലെ യുക്തി എന്താണെന്ന് അദ്ദേഹം ചോദിച്ചു.

‘സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കണമെങ്കില്‍ തന്നെ അത് പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ കീഴിലായിരിക്കണം’ അദ്ദേഹം പറഞ്ഞു.

ബലം പ്രയോഗിച്ചുള്ള ഭൂമിയേറ്റെടുക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം ഗ്രാമങ്ങളുടെ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ അത് തദ്ദേശവാസികളുടെ അറിവോടും സമ്മതത്തോടും കൂടെ ആയിരിക്കുമെന്ന് ഉറപ്പ് വരുത്തും. പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ തന്നെയാണ് ഇത് നടക്കുന്നതെന്ന് ഉറപ്പ് വരുത്തും.

1894-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിക്കുന്നത്. പുതിയ കര്‍ഷക സൗഹൃദ നിയമം പാസാക്കിയതാണെങ്കിലും ഇത് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. തിവാരി പറഞ്ഞു.

‘പുതിയ നിയമത്തിന്റെ ഗുണഫലങ്ങള്‍ കര്‍ഷകരില്‍ എത്താതിരിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണിത്.’ അദ്ദേഹം പറഞ്ഞു.

കര്‍ഷക സൗഹൃദമെന്ന് സ്വയം അവകാശപ്പെടുന്ന ഒരു സര്‍ക്കാരിന് എങ്ങനെയാണ് കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കഴിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ലുധിയാന ജില്ലയിലെ സിധ്വാന്‍ കനാലിന്റെ തീരത്തുള്ള ഒന്‍പത് ഗ്രാമങ്ങളില്‍ നിന്നായി 2100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാവസായിക പാര്‍ക്കും ടൗണ്‍ഷിപ്പും നിര്‍മ്മിക്കുകയാണ് ഉദ്ദേശം.

‘ഉദ്ദേശശുദ്ധിയുള്ളതാണെങ്കില്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആരും എതിരല്ല. എന്നാല്‍ നൂറുകണക്കിന് കര്‍ഷകരെ ദ്രോഹിച്ചു കൊണ്ടുള്ള ഈ നീക്കം എന്തായാലും അങ്ങനെയല്ല.’ അദ്ദഹം മുന്നറിയിപ്പ് നല്‍കി.

പുതിയ നിയമനുസരിച്ച് ഭൂമിയേറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് വിപണിവിലയുടെ നാലിരട്ടി സര്‍ക്കാര്‍ നല്‍കേണ്ടതാണ്. ഗ്രാമപ്രദേശമായതിനാലാണിത്. നഗരങ്ങളില്‍ ഇത് രണ്ടിരട്ടിയാണ്.

കൂടാതെ പ്രദേശത്തെ എണ്‍പത് ശതമാനം ജനങ്ങളുടെ സമ്മതമുണ്ടെങ്കിലേ സര്‍ക്കാരിന് ഏറ്റെടുക്കല്‍ നടപടികളുമായി മുമ്പോട്ട് നീങ്ങാന്‍ കഴിയൂ എന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

Tagged with: