Categories

ടൈറ്റാനിയം അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസയച്ച കത്ത് ഡൂള്‍ന്യൂസിന്

ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ഇതുവരെ നടപടിയായില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരം വിടുന്നതിന് തൊട്ട് മുമ്പ് കഴിഞ്ഞ മെയ് ആറിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചത്. മെയ് 13ന് കേരളത്തില്‍ അധികാരക്കൈമാറ്റം നടന്നുവെങ്കിലും കത്തുമായി ബന്ധപ്പെട്ട് നടപടിയൊന്നുമുണ്ടായില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച കത്തിന്റെ കോപ്പി ഡൂള്‍ന്യൂസിന് ലഭിച്ചു.

ടൈറ്റാനിയം കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനും അന്തരിച്ച വോളിബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സഹോദരനുമായ സെബാസ്റ്റിയന്‍ ജോര്‍ജ്ജാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചത്. ടൈറ്റാനിയത്തിലെ വിവാദമായ മാലിന്യ പ്ലാന്റിനെ തുടക്കത്തില്‍ തന്നെ ശക്തമായി എതിര്‍ത്ത ഉദ്യോഗസ്ഥനായിരുന്നു സെബാസ്റ്റിയന്‍ ജോര്‍ജ്ജ്. എന്നാല്‍ വന്‍ അഴിമതിക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയെ എതിര്‍ത്തതോടെ സെബാസ്റ്റിയന്  ശത്രുക്കളുണ്ടായി. ഒടുവില്‍ ജോലി രാജിവെക്കേണ്ടി വരികയും ചെയ്തു.

ടൈറ്റാനിയം കമ്പനിയില്‍ അഴിമതി ആരോപണത്തില്‍പ്പെട്ട മാലിന്യ പ്ലാന്റ് അനാവശ്യമായിരുന്നുവെന്നും അഴിമതി നടത്തുകയെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു പദ്ധതി നടപ്പാക്കിയതെന്നുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചത്. ഈ പരാതി പരിശോധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശിപാര്‍ശയോടുകൂടിയ കത്താണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറിന് അയച്ചത്. നടപടിയെടുത്ത് അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതും ഉണ്ടായിട്ടില്ല.

ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ന് ഇന്ത്യാവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയ്യെടുത്ത് ഉമ്മന്‍ ചാണ്ടി സുപ്രീംകോടതി മോണിറ്ററിംഗ് അധ്യക്ഷന്‍ ത്യാഗരാജന് 2005 ഏപ്രില്‍ 23നും 2006 ജനുവരി 5നും അയച്ച കത്തുകളാണ് ചാനല്‍ പുറത്ത് വിട്ടത്. ഉമ്മന്‍ ചാണ്ടി പ്രത്യേക താല്‍പര്യമെടുത്ത് കത്തയച്ചത് മന്ത്രിസഭയും മലിനീകരണ നിയന്ത്രണബോര്‍ഡും ഇറക്കുമതി അംഗീകരിക്കുന്നതിനു മുമ്പാണ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനി മാലിന്യനിവാരണവുമായി ബന്ധപ്പെട്ട് വ്യാപകമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി സി.എ.ജി 2007 ല്‍ കണ്ടെത്തിയിരുന്നു. 2007 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് പദ്ധതിയുടെ പേരില്‍ ധന ദുര്‍വിനിയോഗം നടന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുണ്ട്.

2006ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ധൃതി പിടിച്ച് ഇറക്കുമതി ചെയ്ത ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്ന പുറത്തുവരാത്ത സാധനസാമഗ്രികളുടെ ദൃശ്യങ്ങളും ചാനല്‍ പുറത്തു വിട്ടിട്ടുണ്ട്. കമ്മീഷന്‍ നേടുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തി 62 കോടി രൂപയുടെ യന്ത്രസാമഗ്രികളാണ് അപ്രായോഗികമായ മാലിന്യ നിവാരണ പദ്ധതിക്ക് വേണ്ടി 2006 ല്‍ കമ്പനി ഇറക്കുമതി ചെയ്തത്.

One Response to “ടൈറ്റാനിയം അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസയച്ച കത്ത് ഡൂള്‍ന്യൂസിന്”

  1. Asees

    ഇതെങ്ങനെ ടൂള്‍ നൂസിനു ലഭിക്കുന്നത്?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.