courtതിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. പാമൊലിന്‍ കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്‌സിന്റെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 256 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. വിജിലന്‍സ് ജഡ്ജി പി.കെ. ഹനീഫയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമം: വി.എസ് അച്ച്യുതാനന്ദന്‍

പാമൊലിന്‍ കേസിന് പിറകെ ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാനും വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടിലെ മലിനീകരണ നിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകളും അഴിമതിയുമാണ് 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്നത്.

2002ല്‍ യു.ഡി.എഫ്. ഭരണകാലയളവിലാണ് മലിനീകരണ നിവാരണത്തിനായി 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. ഈ പദ്ധതി അട്ടിമറിച്ച് മെക്കോണ്‍ എന്ന മറ്റൊരു കമ്പനിയെക്കൊണ്ട് പുതിയ നിര്‍ദേശമുണ്ടാക്കി 108 കോടിക്ക് പകരം 256 കോടി രൂപയുടെ പദ്ധതി കൊണ്ടുവരികയായിരുന്നു യു.ഡി.എഫ്. സര്‍ക്കാര്‍. യഥാര്‍ഥത്തില്‍ 414 കോടി ചെലവ് വരുന്ന അഴിമതി നിറഞ്ഞ പദ്ധതിക്കാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയത്.

ഈ പ്രോജക്ട് യാഥാര്‍ഥ്യമായെങ്കില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം വ്യാവസായിക ഭൂപടത്തില്‍ നിന്നും അ പ്രത്യക്ഷമാകുമായിരുന്നു. യാഥാര്‍ഥ്യം മനസ്സിലാക്കിയ 2006 ലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഈ പദ്ധതി റദ്ദ് ചെയ്യുകയും സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയുടെ അനുമതിയോടുകൂടി 85 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കുകയും ഇപ്പോള്‍ ഏറെക്കുറെ പ്രവര്‍ത്തനസജ്ജമാകുകയും ചെയ്തു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ കത്തിടപാടുകളും ഇടപെടലുകളും പദ്ധതിയിലെ വമ്പിച്ച അഴിമതി വ്യക്തമാക്കുന്നതായിരുന്നു. ഈ പദ്ധതി വിഭാവനം ചെയ്തപ്പോള്‍തന്നെ അവസാനഘട്ടത്തില്‍ ഉപയോഗിക്കാനുള്ള 90 കോടിയുടെ ഉപകരണങ്ങള്‍ 2006ല്‍ ഇറക്കുമതി ചെയ്തു. അവ ഇപ്പോഴും കമ്പനിയില്‍ ഉപയോഗശൂന്യമായി ഉപേക്ഷിച്ച നിലയിലാണ്. യൂണിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എസ്.ബി.ടി. എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്താണ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത്.

ഇക്കാര്യത്തിലൊക്കെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ നേരിട്ടിടപെട്ട രേഖകളും വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. വിജിലന്‍സ് കോടതി മുമ്പാകെ ആഗസ്ത് 24 ന് കേസ് വരുമ്പോള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വഴിവിട്ട നടപടികള്‍ സ്വീകരിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.