തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി നിരസ്സിച്ചു. ജൂണ്‍ 15 നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരനായ ടൈറ്റാനിയം ജീവനക്കാരന്‍ ജയന്റെ മൊഴി ഇന്നു തന്നെ രേഖപ്പെടുത്താനും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം 18 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 99 ഫയലുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ചതായും 24 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും ഹര്‍ജിക്കാരനായ മണക്കാട് സ്വദേശി ജയന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയതായും അന്നത്തെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാലിന്യ പ്ലാന്റ് വിഷയമായതിനാല്‍ കെമിക്കല്‍ എന്‍ജിനിയര്‍മാരുടെയും വ്യവസായ വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ആരായുന്നതിന് വേണ്ടിയും രേഖകള്‍ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയും സമയമെടുക്കുമെന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആറു മാസത്തെ സാവകാശം അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. വിജിലന്‍സ് ഡി.വൈ.എസ.്പി അജയകുമാറാണ് അന്വേഷണ പുരോഗതി അന്ന് കോടതിയെ ധരിപ്പിച്ചത്.

കേസില്‍ ഇതുവരെയുണ്ടായ വിജിലന്‍സ് അന്വേഷണത്തെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അഞ്ച് വര്‍ഷം പിന്നിട്ട അന്വേഷണത്തില്‍ ഇതുവരെ 17 സാക്ഷികളെ മാത്രം ചോദ്യം ചെയ്തതിന് യാതൊരു ന്യായീകരണവുമില്ല. സര്‍ക്കാര്‍, ടൈറ്റാനിയം മലിനീകരണ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രേഖകള്‍ കൈപറ്റാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

കോടികണക്കിന് രൂപയുടെ നഷ്ടം പൊതുഖജനാവിന് വരുത്തിയെന്ന ആരോപണത്തില്‍ ഇതുവരെ നടന്ന അന്വേഷണം ഒച്ചിന്റെ വേഗതയിലാണെന്നും കോടതി പറഞ്ഞിരുന്നു.

Malayalam news

Kerala news in English