Categories

ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം വൈകിക്കുന്നതിനെതിരേ വിജിലന്‍സിന് രൂക്ഷവിമര്‍ശനം. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിമര്‍ശനം നടത്തിയത്.

Ads By Google

അന്വേഷണം അനന്തമായി നീട്ടുകയാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കുറ്റപ്പെടുത്തി. ഇത് അനുവദിക്കാന്‍ കഴിയില്ല. മാര്‍ച്ച് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

2006 ല്‍ തുടങ്ങിയ കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ രണ്ട് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് കോടതി അന്വേഷണ സംഘത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്.

2006 ലാണ് ടൈറ്റാനിയം അഴിമതിക്കേസില്‍ സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായ ജയന്‍ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും വൈകിയത്.

കേസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ന്യായത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം പലതവണ ആവശ്യപ്പെട്ടിരുന്നത്.

അന്വേഷണം ഏകദേശം പൂര്‍ത്തിയായി. റിപ്പോര്‍ട്ട് അടുക്കും ചിട്ടയോടും കൂടി തയാറാക്കുകയും ചില നിര്‍ണായ സാക്ഷികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനാല്‍ രണ്ടു മാസം കൂടി അനുവദിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് ആവശ്യപ്പെട്ടത്.

Tagged with: