തിരുമല: വനാക്രൈ വൈറസിന്റെ ആക്രമണത്തില്‍പ്പെട്ട് തിരുമല തിരുപ്പതി ക്ഷേത്രവും. ക്ഷേത്രത്തിലെ കമ്പ്യൂട്ടറുകള്‍ റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് ഹാക്ക് ചെയ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ 10 കമ്പ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതലെന്ന നിലയില്‍ 20 ഓളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Dont Miss മോഷണം; അര്‍ണബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് ടൈംസ് നൗ 


റാന്‍സംവെയര്‍ ആക്രമണം ചില കമ്പ്യൂട്ടറുകളെ ബാധിച്ചതായി തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള ഫയലുകളും ഭക്തജനങ്ങള്‍ക്കായുള്ള സേവനത്തെ സംബന്ധിച്ചുമുള്ള ഫയലുകളും റാന്‍സംവെയറിന്റെ ആക്രമണത്തില്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഭക്തര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ ഒരു തടസവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ ഓപ്പറേറ്റിങ് സിസ്റ്റില്‍ പ്രവര്‍ത്തിച്ച കമ്പ്യൂട്ടറുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
150 ഓളം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വൈറസിന്റെ ആഘാതം എത്രയളവോളം വരുമെന്ന് ഇനിയും തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.