കര്‍ണ്ണാടക:ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വിവാദങ്ങല്‍ കത്തി നില്‍ക്കെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരപോരാളിയായിരുന്നു ടിപ്പുവെന്ന് അദ്ദേഹം പറഞ്ഞു.

Subscribe Us:

കര്‍ണ്ണാടക നിയമസഭയായ വിധാന്‍സഭയുടെ അറുപതാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച് ധീരനാണ് ടിപ്പു. യുദ്ധ തന്ത്രങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹം. മൈസൂരില്‍ അദ്ദേഹം കൊണ്ട് വന്ന പീരങ്കിയുടെ മാതൃകകളാണ് യൂറോപ്യന്‍മാര്‍ പോലും പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങളുടെ നാടാണ് കര്‍ണാടക. ജൈന-ബുദ്ധ സംസ്‌കാരം നിലനിന്നിരുന്ന നാട്. ഇവിടത്തെ ശൃംഗേരിയിലാണ് ആദിശങ്കരാചാര്യര്‍ മഠം സ്ഥാപിച്ചത്. ഗുല്‍ബര്‍ഗയിലാണ് സൂഫി സംസ്‌ക്കാരം വളര്‍ച്ച പ്രാപിച്ചത്. ബസവാചാര്യയുടെ കീഴില്‍ ലിംഗായത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചത് ഇവിടെയായിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി.


Also Read മുഗളന്‍മാര്‍ അവരുടെ പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ല താജ്മഹല്‍; ഇന്ത്യക്കാരാണ് അത് പണിതത്; ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍


അതേ സമയം ടിപ്പു ജയന്തി ആഘോഷിക്കുന്നതിനെതിരെ വ്യാപക പ്രചരണങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകിയും നികൃഷ്ടനും കൂട്ടബലാത്സംഗിയുമാണെന്നും അങ്ങനെയുള്ള ഒരാളെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെ രംഗത്തെത്തിയിരുന്നു.

നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത്.2015 മുതല്‍ ആഘോഷിക്കുന്ന ടിപ്പു ജയന്തിക്കെതിരെ വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ പ്രചരണം നടത്തിയിരുന്നു.