വീടിന്റെ അകത്തളങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ നമ്മള്‍ ഫ്‌ളവര്‍ വേസുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോഴും വാടുന്ന പൂക്കളും, അതിന്റെ തിളക്കം നഷ്ടപ്പെടുന്നതുമെല്ലാം അകത്തളങ്ങളുടെ ഭംഗി കെടുത്തും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫ്‌ളെവര്‍ വെയ്‌സുകള്‍ തീര്‍ച്ചയായും നിങ്ങളുടെ മുറികള്‍ക്ക് മോടിപകരുന്നതായിരിക്കും.

നിങ്ങളുടെ പൂന്തോട്ടത്തിലെ ചെടികളാണ് ഫ്‌ളവര്‍ വെയ്‌സുകളില്‍ വയ്ക്കുന്നതെങ്കില്‍ അതിന്‍മേല്‍ അല്പം ഉപ്പ് വെള്ളം തളിച്ച് വയ്ക്കുക. കൂടുതല്‍ സമയം പൂക്കള്‍ ഉണര്‍വോടെ നില്‍ക്കുന്നതിന് ഇത് സഹായിക്കും. ഇതിനു പുറമേ പൂക്കള്‍ രാവിലെ പറിച്ച് തണുത്തവെള്ളത്തില്‍ ഇട്ടുവയ്ക്കുന്നതും വാടാതിരിക്കാന്‍ നല്ലതാണ്.

പ്ലാസ്റ്റിക് ഫ്‌ളവര്‍ വേസുകള്‍ക്ക് പകരം ചെമ്പുപാത്രം ഉപയോഗിക്കുക. ചെമ്പുപാത്രമില്ലെങ്കില്‍ ഫ്‌ളവര്‍ വെയിസിന്റെ അടിയില്‍ ചെമ്പ് നാണയങ്ങള്‍ ഇട്ട് വെയ്ക്കുക. ഇതും പൂക്കല്‍ വാടാതിരിക്കാന്‍ സഹായിക്കും. ഫ്‌ളവര്‍വേസിന്റെ ജലനിരപ്പിന് താഴെയുള്ള ഇലകള്‍ നീക്കം ചെയ്യുകയാണെങ്കില്‍ വെള്ളം പെട്ടെന്ന് ചീത്തയാവില്ല.

പൂക്കള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ വെള്ളം ഒഴിച്ചശേഷം ഒന്ന് രണ്ട് ആസ്പിരിന്‍ ഗുളികകള്‍ ഇട്ട് വെച്ചാല്‍ എളുപ്പം വാടാതിരിക്കും.ഫ്‌ളവര്‍വേസിന് ഉറുമ്പ് ശല്യമുണ്ടെങ്കില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് മഞ്ഞള്‍പ്പൊടിയോടൊപ്പം ചേര്‍ത്ത് ഫ്‌ളവര്‍വേസില്‍ വിതറിയിട്ടിരുന്നാല്‍ മതി. ഇനി മറ്റൊരു മാര്‍ഗ്ഗം ഫ്‌ളവര്‍വേസുകളില്‍ പുഴുശല്യമുണ്ടായാല്‍ അല്‍പ്പം കടുകുപൊടി വിതറിയിട്ടശേഷം തണുത്തവെള്ളം ഒഴിച്ചാല്‍ മതി.