ഇന്നത്തെ തലമുറയിലെ അച്ഛനമ്മമാര്‍ക്ക് കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയമുണ്ടാവില്ല. പല പല തിരക്കാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും, വസ്ത്രങ്ങളും, ഭക്ഷണവുമൊക്കെ നല്‍കുന്നതില്‍ പരസ്പരം മത്സരമാണ്. ഇതിനുവേണ്ടിയുള്ള ഓട്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ കുട്ടികളില്‍ നിന്നും അകലുകയാണ് ചെയ്യുന്നത്.

കുട്ടികള്‍ ആഗ്രഹിക്കുന്നത് അച്ഛനമ്മമാരുടെ സ്‌നേഹവും പരിഗണനയുമാണ്. അത് നല്‍കാന്‍ ഇന്നത്തെ പല രക്ഷിതാക്കള്‍ക്കും കഴിയാറില്ല.

നിങ്ങളുടെ കുട്ടിയോട് നിങ്ങള്‍ക്കുള്ള സ്‌നേഹം ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ കുട്ടിയുടെ സ്‌നേഹവും വിശ്വാസവും തിരികെ ലഭിക്കണമെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ നിര്‍ദേശങ്ങള്‍ വായിക്കുക.

നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക

കുട്ടികളെ ശകാരിക്കുകയും, അടിക്കുകയും, പിച്ചുകയും ചെയ്യുന്ന രക്ഷിതാക്കള്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പല കാരണങ്ങളും നിരത്താറുണ്ട്. കുട്ടിയുടെ വികൃതിയും, അനുസരണക്കേടുമൊക്കെ. എന്നാല്‍ മുന്‍ശുണ്ഠിക്കാരായ രക്ഷിതാക്കളാണ് പലപ്പോഴും കുട്ടികളോട് ഇങ്ങനെ പെരുമാറുന്നത്. അതിനാല്‍ ആദ്യം നിങ്ങള്‍ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. പിന്നെ കുട്ടികളെ സാവധാനത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ എളുപ്പമാണ്.

അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക

കുട്ടിക്ക് അച്ഛനമ്മമാരോട് പല കാര്യങ്ങളും പറയാനുണ്ടാവും. എന്തൊക്കെ തിരക്കിലായാലും അത് കേള്‍ക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയുന്ന അവരുടെ സ്വഭാവം പ്രോത്സാഹിപ്പിക്കണം. ഇത് കുട്ടികളുടെ സ്‌നേഹവും പരിഗണനയും നേടാന്‍ ഏറെ സഹായകരമാണ്.

ഏറ്റവും പ്രാധാന്യം കുട്ടികള്‍ക്ക് നല്‍കുക

നിങ്ങളുടെ ബന്ധങ്ങളില്‍ ഏറ്റവും പ്രാധാന്യം മക്കള്‍ക്ക് നല്‍കുക. നിങ്ങള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ പരിഗണന കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ അത് ഒരുറച്ച ബന്ധത്തിലേക്കുള്ള വഴിയാവും.