കൊച്ചി: കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഏറെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്റെയും കടത്തനാടിന്റെ വീര പുത്രി ഉണ്ണിയാര്‍ച്ചയുടെയും വിവാദം വെള്ളിത്തിരയിലെത്തുന്നു. വിവാദം സിനിമയാകുമ്പോള്‍ സിനിമക്ക് പിന്നില്‍ വമ്പന്‍മാര്‍ തന്നെയാണ് അണിനിരക്കുന്നത്.

ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഉലകനായകന്‍ കമലഹാസന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വയലാര്‍ മാധവന്‍ കുട്ടിയാണ്. പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളാണ് രചന നിര്‍വ്വഹിക്കുന്നത്. ഇന്ത്യയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തിന്റെ പിന്നണിയില്‍.

പടയോട്ടം നടത്തി ടിപ്പു സുല്‍ത്താന്‍ ഉണ്ണിയാര്‍ച്ചയെ തട്ടി കൊണ്ട് പോയെന്നും ഭാര്യയായി മൈസൂരില്‍ താമസിപ്പിച്ചെന്നുമായിരുന്നു ഒരു ചരിത്രകാരന്റെ പുസ്തകത്തെ ഉദ്ദരിച്ച് മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ വന്ന ലേഖനം. തുടര്‍ന്ന് ആ വാദം നിഷേധിച്ച് ഉണ്ണിയാര്‍ച്ചയുടെ കുടുംബത്തിലെ പുതിയ തലമുറ രംഗത്തു വന്നിരുന്നു.

ടിപ്പുസുല്‍ത്താന്‍-ഉണ്ണിയാര്‍ച്ച ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരുവരുടെയും വശ്യമായ ബന്ധമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഗോകുലം ഗോപാലന്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച പഴശ്ശി രാജയുടെ തിരക്കഥ ചരിത്രം വളച്ചൊടിച്ചതാണെന്ന ആക്ഷേപം ഉണ്ടായിരുന്നു. എം. ടി. വാസുദേവന്‍ നായരായിരുന്നു അതിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരുന്നത്.