എഡിറ്റര്‍
എഡിറ്റര്‍
ടിപ്പര്‍ ലോറി സമരം അവസാനിച്ചു
എഡിറ്റര്‍
Wednesday 23rd January 2013 9:53am

തിരുവനന്തപുരം: ടിപ്പര്‍ ലോറി ഉടമകളുടെ സമരം അവസാനിച്ചു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

Ads By Google

ഇന്നലെ രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സമരക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമരം ഒത്തുതീര്‍പ്പായിരുന്നില്ല. പിന്നീട് മന്ത്രി ആര്യാടന്‍ മുഹമ്മദ്, കെ. ബാബു എന്നിവര്‍ നടത്തിയ തുടര്‍ ചര്‍ച്ചയില്‍ ഒരു വിഭാഗം സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചു.

ടിപ്പര്‍ ലോറികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമയനിയന്ത്രണം എടുത്തുകളയണമെന്ന് ചര്‍ച്ചയില്‍ ടിപ്പര്‍ ഉടമകള്‍ മുഖ്യമന്ത്രിയോടും മന്ത്രി ആര്യാടന്‍ മുഹമ്മദിനോടും ആവശ്യപ്പെട്ടു.

എന്നാല്‍ സമയനിയന്ത്രണം ഒഴിവാക്കാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതേസമയം ടിപ്പര്‍ ഉടമകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ചില ഇളവുകള്‍ നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ സമയ നിയന്ത്രണം ഒഴിവാക്കണമെന്ന നിലപാടില്‍ ടിപ്പര്‍ ഉടമകള്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്ന് ചര്‍ച്ച വഴിമുട്ടുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി വീണ്ടും നടന്ന ചര്‍ച്ചയില്‍ അവധി ദിവസങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ഒരു വിഭാഗം ഉടമകള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ സമയത്തിന് അനുസൃതമായി രാവിലെയും വൈകീട്ടും രണ്ടുമണിക്കൂര്‍ വീതം ടിപ്പര്‍ലോറികള്‍ സര്‍വീസ് നടത്തുന്നത് വിലക്കി കഴിഞ്ഞ 12നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ടിപ്പര്‍ ഉടമകള്‍ സമരം നടത്തുന്നത്. ടിപ്പര്‍ ആന്‍ഡ് എര്‍ത്ത് മൂവേഴ്‌സ് സമിതി പ്രസിഡന്റ് പാപ്പച്ചന്‍, ജനറല്‍ സെക്രട്ടറി രാജന്‍, വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് ബിന്നി ഇമ്മട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Advertisement