ഷാര്‍ജ: നടനും ടിവി അവതാരകനും മിമിക്രി കലാകാരനുമായ ടിനി ടോമിന്റെ ‘എന്നെയും സിനിമയിലെടുത്തു’ എന്ന പുസ്തകം ഷാര്‍ജാ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

പുസ്തകമേളയിലെ ഹാള്‍ നമ്പര്‍ 7 ല്‍ ഒലീവ് ബുക്ക്സ് പവലിയിനില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ എം.കെ മുനീര്‍ എം.എല്‍.എ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ടിനി ടോമും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച ‘എന്നെയും സിനിമയിലെടുത്തു’ എന്ന പുസ്തകം ടിനി ടോമിന്റെ സിനിമാ, മിമിക്രി ജീവിതത്തിലെ അനുഭവങ്ങള്‍ ചേര്‍ത്തുവെച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഒലീവ് പവലിയനില്‍ ടിനി ടോമില്‍ നിന്നും നേരിട്ട് കൈയ്യൊപ്പോടെ പുസ്തകങ്ങള്‍ വാങ്ങാനുളള സൗകര്യവും ഒരുക്കിയിരുന്നു.

വായനക്കാര്‍ക്ക് ചിരിച്ചുകൊണ്ടു വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തില്‍ അനുഭവകഥകള്‍ ഉള്‍ക്കൊളളിച്ചിട്ടുളളതെന്ന് ടിനി ടോം പറഞ്ഞു. ഒരു കലാകാരന്റെ സ്വയം നവീകരണത്തിനുളള ശ്രമങ്ങളും അതിജീവനത്തിന്റെ നൊമ്പരങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പുസ്തകമെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.