ദേയ്ജു: മലയാളി അത്‌ലറ്റ് ടിന്റു ലൂക്ക ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800മീറ്റര്‍ മത്‌സരത്തില്‍ നിന്ന് പുറത്തായി. മികച്ച 24 പ്രകടനങ്ങളില്‍ ഒന്നായ 2.18.9 സെക്കന്റോടെ സെമിഫൈനലിലെത്തിയ ടിന്റൂവിന് പക്ഷെ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. സെമിഫൈനലിലെ ഹീറ്റ്‌സില്‍ ആറാമതായാണ് ടിന്റു ഫിനിഷ് ചെയ്തത്. നിലവിലെ ചാംപ്യനായ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ ഫൈനലിലെത്തിയിട്ടുണ്ട്.

നേരത്തെ ഹീറ്റ്‌സില്‍ പങ്കെടുത്ത ഏഴ്‌പേരില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മികച്ച സമയം കുറിച്ച 24 പേരില്‍ ഉള്‍പ്പെട്ടാണ് ടിന്റു സെമിയിലേക്ക് യോഗ്യത നേടിയത്. ഒളിപ്യന്‍ പി.ടി. ഉഷയുടെ ശിഷ്യയാണ് ടിന്റു ലൂക്ക.

അതേസമയം 100 മീറ്ററില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന ഫൈനലില്‍ അയോഗ്യനാക്കപ്പെട്ട ലോകറെക്കോര്‍ഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ ഫൈനലിലെത്തിയിട്ടുണ്ട്. ഹീറ്റ്‌സില്‍ ഒന്നാമതായി എത്തിയാണ് ബോള്‍ട്ട് ഫൈനലിലേക്ക് യോഗ്യത നേടിയത്.