ദേയ്ജു: മലയാളി അത്‌ലറ്റും ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്ക ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 800മീറ്ററില്‍ സെമിഫൈനലില്‍ കടന്നു. ഹീറ്റ്‌സില്‍ 2.189 സെക്കന്‍ഡില്‍ ആറാമതായി ഓടിയെത്തിയാണ് ടിന്റു സെമിഫൈനലിനു യോഗ്യത നേടിയത്.

ഹീറ്റ്‌സില്‍ പങ്കെടുത്ത ഏഴ്‌പേരില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മികച്ച സമയം കുറിച്ച 24 പേരില്‍ ഉള്‍പ്പെട്ടാണ് ടിന്റു സെമിയിലേക്ക് യോഗ്യത നേടിയത്. റഷ്യയുടെ മരിയാ സാവിനോവയായിരുന്നു ടിന്റുവിന്റെ ഹീറ്റ്‌സില്‍ ഒന്നാമതെത്തിയത്(2:01.01). ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ രണ്ടാമതെത്തി (2:01.01) വെള്ളിയാഴ്ചയാണ് സെമിഫൈനല്‍.

അതേസമയം പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ഓംപ്രകാശ് സിങിന് യോഗ്യതാ റൗണ്ടിനപ്പുറം കടക്കാനാില്ല. 19.29 മീറ്റര്‍ ദൂരം പിന്നിട്ട ഓംപ്രകാശിന് തന്റെ ഗ്രൂപ്പില്‍ പന്ത്രണ്ടാം സ്ഥാനത്താണ് എത്താന്‍ സാധിച്ചത്.

ഫൈനലിലേക്ക് യോഗ്യത നേടിയവരില്‍ ഏറ്റവും അവസാന സ്ഥാനത്തെത്തിയ ആള്‍ കണ്ടെത്തിയ ദൂരം 20.14 മീറ്ററായിരുന്നു. ഓംപ്രകാശിന്റെ മികച്ച പ്രകടനം 20.04 മീറ്ററാണ്. ട്രിപ്പിള്‍ ജംപില്‍ ഫൈനല്‍ ബര്‍ത് തേടി മലയാളിതാരം രജ്ജിത് മഹേശ്വരി വെള്ളിയാഴ്ച യോഗ്യതാ മത്സരത്തില്‍ മത്സരിക്കുന്നുണ്ട്.