ലണ്ടന്‍: ഇന്നലെ അര്‍ധരാത്രി നടന്ന വനിതകളുടെ 800 മീറ്റര്‍ രണ്ടാം സെമിയില്‍ ആറാം സ്ഥാനത്തെത്തിയ മലയാളി അത്‌ലറ്റ് ടിന്റു ലൂക്ക ഫൈനലിന് യോഗ്യത നേടിയില്ല. 1:59.69 മിനിറ്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. ടിന്റുവിന്റെ കരിയറിലെ മികച്ച സമയമായ 1:59.17 മിനിറ്റിന് അടുത്തുനില്‍ക്കുന്ന പ്രകടനമായിരുന്നു ഇത്.

Ads By Google

കഴിഞ്ഞ ദിവസം ഹീറ്റ്‌സില്‍ 2:01.75 മിനിറ്റ് ആയിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ (1:57.67) സെമിയില്‍ ഒന്നാമത് എത്തി.

അതേസമയം വനിതകളുടെ ഹൈജമ്പില്‍ ഇന്ത്യയുടെ സഹനകുമാരി പ്രാഥമിക റൗണ്ടില്‍ പുറത്തായപ്പോള്‍ വനിതാ ഗുസ്തിയില്‍ ഗീത ഫൊഗാട്ടും തോല്‍വിയോടെ പുറത്തായി. ഹൈജമ്പില്‍  പുറത്തായ ആദ്യശ്രമത്തില്‍ 1.80 മീറ്റര്‍ മറികടന്ന സഹനകുമാരിക്ക് പിന്നീട് മൂന്ന് അവസരങ്ങളിലും 1.85 മീറ്റര്‍ എന്ന ലക്ഷ്യം കണ്ടെത്താനായില്ല.

ഇന്നലെ പുലര്‍ച്ചെ നടന്ന 49 കിലോഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ദേവേന്ദ്രോ സിങ്ങും പുറത്തായതോടെ ബോക്‌സിങ്ങിലെ മെഡല്‍ സ്വപ്നങ്ങളും അസ്തമിച്ചു. ബോക്‌സിങ്ങില്‍, അയര്‍ലെന്റിന്റെ പാഡി ബാണ്‍സ് 23-18ന് ആണ് ദേവേന്ദ്രോ സിങ്ങിനെ കീഴടക്കിയത്.

55 കിലോഗ്രാം വിഭാഗം വനിതാ ഗുസ്തിയില്‍ ലോക രണ്ടാം നമ്പര്‍ താരം കാനഡയുടെ ടോണ്യ ലിന്‍ വെര്‍ബീക്കിനോടാണ് ഇന്ത്യന്‍ ഗുസ്തി താരം ഗീത ഫൊഗാട്ട് പരാജയപ്പെട്ടത് (3-1).