ഇനി കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധാലുവായിരിക്കുമെന്ന് നടന്‍ ടിനി ടോം. ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ ടിനി ചെയ്ത വേഷം ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ഇതിനു മുമ്പ് പ്രാഞ്ചിയേട്ടനിലെ ടിനിയുടെ റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കിട്ടുന്ന റോളുകളെല്ലാം ചെയ്യാനല്ല മറിച്ച് നല്ല റോളുകള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ടിനി ടോം പറയുന്നു.

ഇന്ത്യന്‍ റുപ്പിയില്‍ സ്‌കൂള്‍ കുട്ടിക്ക് പറഞ്ഞകൊടുക്കുന്നതുപോലെ രഞ്ജിത്ത് തനിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തന്റെ നല്ല ഗുണങ്ങള്‍ തിരിച്ചറിയാനും, കഴിവുകള്‍ വളര്‍ത്താനും ഇത് ഏറെ സഹായിച്ചെന്നും നടന്‍ പറഞ്ഞു. ഇന്ത്യന്‍ റുപ്പി ചെയ്യുന്നതിനിടെ വന്ന രണ്ട ഓഫറുകളും ടിനി നിരസിച്ചിരുന്നു. താന്‍ ആ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ സി.എച്ച് എന്ന റോളിനോട് നീതി കാണിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ടിനി പറയുന്നു. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിന്റെ വലംകൈയ്യായ സി.എച്ച്. എന്ന കഥാപാത്രത്തെയാണ് ടിനി അവതരിപ്പിച്ചത്.

നടന്‍ എന്നതിലുപരി മിമിക്രി താരമായാണ് ടിനി അറിയിപ്പെട്ടിരുന്നു. മിമിക്രി അടിസ്ഥാനമാക്കിയുള്ള ടിനിയുടെ ടെലിവിഷന്‍ പരിപാടികള്‍ ഏറെ ശ്രദ്ധനേടിയവയാണ്. എന്നാല്‍ സിനിമയില്‍ ടിനിയ്ക്ക് വേണ്ടത്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ ലഭിച്ചത് ഇപ്പോഴാണ്. കോമഡിയെക്കാള്‍ സീരിയസ് വേഷമാണ് ശ്രദ്ധിക്കപ്പെട്ടത് എന്നതിനാല്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കാനൊന്നും ശ്രമിക്കില്ലെന്ന് ടിനി ഉറപ്പുനല്‍കുന്നു. നല്ല കഥാപാത്രങ്ങള്‍, അത് ഏത് കാറ്റഗറിയില്‍ പെട്ടതായാലും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത തത്സമയം ഒരു പെണ്‍കുട്ടിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലാണ് ടിനിയിപ്പോള്‍. അതിനുശേഷം മമ്മൂട്ടിയുടെ ശിക്കാരിയിലും പൃഥ്വിരാജിന്റെ ഹീറോയിലും ടിനി അഭിനയിക്കും.

malayalam news