എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധം ബി.ജെ.പി പ്രവര്‍ത്തകരുടെ സമരമാക്കി ടൈംസ് നൗ: വീഡിയോ കാണാം
എഡിറ്റര്‍
Tuesday 4th July 2017 1:12pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സമരം ബി.ജെ.പിയുടെ അക്കൗണ്ടിലാക്കി ടൈംസ് നൗ ചാനലിന്റെ വ്യാജ പ്രചരണം.

കേരളത്തിലെ പനിമരണങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിനു മുമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ സമരം അക്രമാസക്തമായി എന്നാണ് ടൈംസ് നൗവിന്റെ പ്രചരണം. കെ.എസ്.യു കൊടി പിടിച്ച പ്രവര്‍ത്തകരുടെ ചിത്രങ്ങളോടെയായിരുന്നു ടൈംസ് നൗ വ്യാജവാര്‍ത്ത നല്‍കിയത്.

മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഔദ്യോഗിക വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിനുനേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയും പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടിച്ചുമാറ്റിയാണ് ടൈംസ് നൗ ബി.ജെ.പിക്ക് മൈലേജുണ്ടാക്കി കൊടുത്തത്.


Must Read: സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്: പള്‍സര്‍ സുനി മാധ്യമങ്ങളോട്


കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം എന്ന തരത്തിലാണ് കെ.എസ്.യു സമരത്തിന്റെ വാര്‍ത്ത ടൈംസ് നൗ നല്‍കിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റിയ പ്രവര്‍ത്തകന്റെ കയ്യില്‍ കെ.എസ്.യുവിന്റെ കൊടിയും ടൈംസ് നൗ കാണിച്ച ദൃശ്യങ്ങളിലുണ്ട്.

എക്‌സ്‌ക്യൂസീവ്, ഫസ്റ്റ് ഓണ്‍ ടൈംസ് നൗ തുടങ്ങിയ അവകാശവാദങ്ങളുമായാണ് പതിവുപോലെ ടൈംസ് നൗ കേരളത്തിനെതിരെ ഈ വ്യാജവാര്‍ത്തയും നല്‍കിയത്. ടൈംസ് നൗ റിപ്പോര്‍ട്ടര്‍ വിവേകാണ് ഈ റിപ്പോര്‍ട്ടു നല്‍കിയത്.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്ക് സഹായം നല്‍കുന്ന തരത്തില്‍ നേരത്തെയും ടൈംസ് നൗ ചാനലിന്റെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ഉണ്ടായിരുന്നു. അടുത്തിടെ കാസര്‍കോട് പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ഐസിസ് എന്ന പേരില്‍ ടൈംസ് നൗ ചാനലിന്റെ നേതൃത്വത്തില്‍ വ്യാജപ്രചരണം നടന്നിരുന്നു. വര്‍ഷങ്ങളായി പ്രചരിക്കുന്ന വ്യാജ ഇമേജുകള്‍ ഉപയോഗിച്ചായിരുന്നു ടൈംസ് ചാനല്‍ ഇത്തരമൊരു പ്രചരണം നടത്തിയത്.

ഇതിനുപുറമേ അമിത് ഷായുടെ കേരള സന്ദര്‍ശന വേളയില്‍ കേരളത്തെ പാകിസ്ഥാന്‍ എന്ന് ടൈംസ് നൗ ചാനല്‍ വിശേഷിപ്പിച്ചിരുന്നു. അമിത് ഷാപോകുന്നത് ‘ഇടിമുഴങ്ങുന്ന പാകിസ്താനി’ലേക്കാണെന്നാണ് എന്നായിരുന്നു ടൈംസ് നൗ ചാനലിന്റെ ടാഗ്ലൈന്‍. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ചാനല്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

Advertisement