എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ സ്വാധീനിക്കുന്ന 100 പേരില്‍ മമതയും; ടൈം മാഗസിന്‍ പട്ടികയില്‍ നിന്ന് മോഡി പുറത്ത്
എഡിറ്റര്‍
Thursday 19th April 2012 10:04am

ന്യൂയോര്‍ക്ക്: ടൈം മാഗസിനിന്റെ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, പാക്കിസ്ഥാനിലെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഷര്‍മീന്‍, ഒബൈദ് ഷിനോയ്, യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിവരും പട്ടികയിലുണ്ട്.

ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയെ പിന്നിലാക്കിയാണ് മമതയുടെ നേട്ടം. നോമിനേഷന്‍ ലഭിച്ചവരില്‍ മോഡിയുടെ പേരുള്‍പ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

തികഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകയാണെന്ന് മമത തെളിയിച്ചതായി ടൈം പറയുന്നു. എതിരാളികളെ മറികടന്ന് തിരഞ്ഞെടുപ്പില്‍ നേടിയ വിജയവും ബംഗാളില്‍ അധികാരം സ്ഥാപിച്ചതും മമതയുടെ കാര്യപ്രാപ്തി തെളിയിക്കുന്നതാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകയാണ് മമതയെന്നും മാഗസിന്‍ പറയുന്നു.

ടൈം 100 പട്ടികയില്‍ ഏറ്റവുമധികം സ്ത്രീകള്‍ ഇടംനേടിയ വര്‍ഷമാണിത്. 38 സ്ത്രീകളാണ് പട്ടികയിലുള്ളത്. രാഷ്ട്രീയാധികാരത്തിനപ്പുറം ട്വിറ്റര്‍ ഫെയ്‌സ്ബുക്ക് തുടങ്ങി സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ സ്വാധീനവും ഇത്തവണ പരിഗണിക്കപ്പെട്ടു.

മമതാബാനര്‍ജിക്ക് പുറമേ ഇന്ത്യയിലെ എയ്ഡ്‌സ് രോഗികള്‍ക്കുംം സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി പടപൊരുതിയ അഞ്ജലി ഗോപാലനും ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും എച്ച്.ഐ.വി ബാധിതരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം മുതല്‍ക്ക് അവരെ തൊടുകയും വീട്ടിലേക്ക് ക്ഷണിക്കുകയും അവര്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തയാളാണ് അഞ്ജലിയെന്ന് ടൈം മാസിക വിലയിരുത്തുന്നു. എച്ച്.ഐ.വി ബാധിതരായവര്‍ക്കുവേണ്ടി ഒരു അനാഥാലയവും ഇവര്‍ നടത്തുന്നുണ്ട്. സ്വവര്‍ഗസ്‌നേഹം കുറ്റമല്ലെന്ന കോടതി വിധി നേടാനായത് ഇവരുടെ പ്രവര്‍ത്തന ഫലമായാണ്. 2005ലെ നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലും അഞ്ജലിയുണ്ടായിരുന്നു.

ചെന്നൈയില്‍ ജനിച്ച് അഞ്ജലി ഇന്ത്യയിലും യു.എസിലുമായിട്ടാണു പഠനം പൂര്‍ത്തിയാക്കിയത്. പൊളിറ്റിക്കല്‍ സമയന്‍സ് ബിരുദം, ജേണലിസം പിജി ഡിപ്ലോമ, രാജ്യാന്തര വികസനത്തില്‍ ബിരുദാനന്തര ബിരുദം എന്നിവ നേടിയശേഷം യു.എസില്‍ തന്നെ സാമൂഹിക പ്രവര്‍ത്തനം തുടങ്ങി. ഒരു പതിറ്റാണ്ടോളം ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 1994ല്‍ ഇന്ത്യയിലെത്തി നാസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, താലിബാന്‍ നേതാവ് മുല്ല ഉമര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Advertisement