Administrator
Administrator
ബിനായക് സെന്‍ കേസിന്റെ നാള്‍വഴികള്‍
Administrator
Friday 24th December 2010 10:16pm

മാവോവാദികളെ സഹായിച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് ഛത്തീസ്ഗഢ് ജില്ലാ കോടതി ഉത്തരവിട്ടിരിക്കയാണ്. രാജ്യദ്രോഹം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സെന്നിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

മാവോവാദികളെ സഹായിക്കുന്നവര്‍ മാത്രമല്ല, അവരുമായി സംഭാഷണത്തിന് ശ്രമിക്കുന്നവര്‍ പോലും ഇന്ത്യയില്‍ വേട്ടയാടപ്പെടുകയാണ്. മാവോവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന ആവശ്യം പോലും സംശയിത്തിന്റെ നിഴലിലാകുന്നു. ബിനായക് സെന്‍ കേസിന്റെ നാള്‍വഴികള്‍…

മെയ്6, 2007. റായ്പൂരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ബിസിനസുകാരന്‍ പിയൂഷ് ഗുഹയെ പോലീസ് അറസ്റ്റുചെയ്തു. മാവോയിസ്റ്റുകള്‍ക്ക് കത്തുകളും ലഘുലേഖകളും എത്തിച്ചുകൊടുക്കുന്നയാളാണ് ഇയാളെന്ന് അദ്ദേഹത്തിന്റെ ശരീരവും സാധനങ്ങളും പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. ജയിലില്‍ കഴിയുന്ന മുതിര്‍ന്ന മാവോയിസ്റ്റ് നേതാവായ നാരായണ്‍ സന്യാലിന്റെ കത്താണ് ഇതെന്ന് പിന്നീട് മനസ്സിലായി. സന്യാലുമായി കൂടിക്കാഴ്ച നടത്താറുള്ള ബിനായക് സെന്നാണ് തനിക്ക് ഈ കത്ത് നല്‍കിയതെന്ന് ഗുഹ വെളിപ്പെടുത്തി.


മെയ് 14, 2007.
സന്യാലിനും ഗുഹയ്ക്കുമിടയിലുള്ള കണ്ണിയായി പ്രവര്‍ത്തിച്ചതിന് ബിലാസ് പൂരില്‍ വച്ച് ബിനായക് സെന്നിനെ അറസ്റ്റുചെയ്തു.

മെയ് 15, 2007. സെന്നിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ജാമ്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ലിന സെന്നിന്റെ ഫാം നിയമവിരുദ്ധമായി പോലീസ് പരിശോധിച്ചു.

മെയ് 18, 2007. ഡോ.സെന്നിനെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ കാണാന്‍ സെന്നിന്റെ വക്കീലിനെ അനുവദിച്ചില്ല. ഡോ.ലിനയുടെ സാന്നിധ്യത്തില്‍ സെന്നിന്റെ വീട് പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. അതുപ്രകാരം അടുത്തദിവസം തന്നെ പരിശോധന നടന്നു. പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്തിയില്ല.

മെയ് 22.2007. പിയൂഷ് ഗുഹയോടൊപ്പം സെന്നിനെ കോടതിയില്‍ കൊണ്ടുവന്നു. ജൂണ്‍ അഞ്ച് വരെ റിമാന്റ് കാലാവധി നീട്ടി. സെന്നിന്റെ കംപ്യൂട്ടര്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു.

മെയ് 25,2007. സെന്നിന് കോടതി വീണ്ടു ജാമ്യം നിഷേധിച്ചു. രാജ്യ സുരക്ഷയ്ക്ക് ഇയാള്‍ ഭീഷണിയാണെന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ വാദത്തെ തുടര്‍ന്നാണിത്.

മെയ് 26, മുതല്‍ ജൂണ്‍ 4, 2007. ഡോ.സെന്നിനെ പിന്തുണച്ചുകൊണ്ട് റായ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ റാലികളും സമ്മേളനങ്ങളും നടന്നു. ദല്‍ഹി, കൊല്‍ക്കൊത്ത, മുംബൈ, കോയമ്പത്തൂര്‍, ലക്‌നൗ, ലണ്ടന്‍, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, എന്നിവിടങ്ങളിലും ഇത്തരം റാലികള്‍ നടന്നു. സെന്നിനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകരും, ഡോക്ടര്‍മാരും ചീഫ് സെക്രട്ടറിയ്ക്കും, നിയമ സെക്രട്ടറിയ്ക്കും പരാതി നല്‍കി.

ജൂണ്‍5, 2007. ഡോ.സെന്നിനെ കോടതിയില്‍ ഹാജരാക്കി. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ജൂണ്‍ 6, മുതല്‍ ജൂണ്‍ 11, 2007. ഹൈദരാബാദ് സി.എഫ്.എസ്.എല്ലില്‍ സെന്നിന്റെ കംപ്യൂട്ടര്‍ പരിശോധിച്ചു. എന്നാല്‍ ഇത് പ്രതിഭാഗം അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നില്ല. ഇതിനെതിരെ ജൂണ്‍ 18ന് പരാതി ഫയല്‍ ചെയ്തു.

ജൂണ്‍ 19, 2007. കോടതി ഉത്തരവ് പ്രകാരം സെന്നിനെ കോടതിയില്‍ ഹാജരാക്കിയില്ല. ആവശ്യത്തിന് സുരക്ഷാ അകമ്പടിയില്ലാത്തതാണ് ഹാജരാക്കാതിരിക്കാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.

ഡിസംബര്‍ 10, 2007. മുപ്പത്തിയഞ്ച് മിനിററ് മാത്രം നീണ്ട് നിന്ന വിചാരണയ്ക്ക് ശേഷം സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് സെന്നിന്റെ അവസാന ജാമ്യാപേക്ഷയും തള്ളി. ഈ അപേക്ഷയില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന ജഡ്ജിയെ വാദം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് മാറ്റിയിരുന്നു. ഡിസംബര്‍ 8നും ഒമ്പതിനും നടന്ന ലീഗല്‍ എയ്ഡ് സെന്ററിന്റെ ഉദ്ഘാടനാഘോഷപരിപാടിയില്‍ മുഖ്യാതിഥിയാക്കി ജാമ്യാപേക്ഷ തള്ളിയ ജഡ്ജിയെ ഗവണ്‍മെന്റ് സല്‍ക്കരിച്ചിരുന്നു.

ഡിസംബര്‍31, 2007. ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിന്റെ ആര്‍.ആര്‍ കെയ്താന്‍ ഗോള്‍ഡ് മെഡല്‍ സെന്നിന് ലഭിച്ചു. സമൂഹത്തിനും, പ്രകൃതിക്കും, മനുഷ്യനും വേണ്ടിയുള്ള ശാസ്ത്ര പുരോഗതിയില്‍ സെന്നിന്റെ പങ്കാളിത്തതിനും, മനുഷ്യന്റെ ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനുള്ള സത്യസന്ധമായ സംഭാവനകളെയും കണക്കിലെടുത്താണിത്.

മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11, 2008 വരെ കാരണങ്ങള്‍ വ്യക്തമാക്കാതെ സെന്നിനെ ഏകാന്ത തടവിലിട്ടു. അദ്ദേഹത്തിന്റെ തന്നെ സുരക്ഷയ്ക്കുവേണ്ടിയാണെന്നല്ലാതെ ഇതേകുറിച്ച് കൂടുതലൊന്നും പറയാന്‍ ജയിലധികൃതര്‍ തയാറായില്ല. ഇതിനെതിരെയുണ്ടായ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഏകാന്ത തടവ് അവസാനിപ്പിച്ചു.

ഏപ്രില്‍ 21, 2008. ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡായ ജൊനാതന്‍ മാന്‍ അവാര്‍ഡ് സെന്നിനു ലഭിച്ചു. ആരോഗ്യമേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യയ്ക്കും ലോകത്തിനും മറക്കാനാവാത്തതാണെന്നും അത് രാജ്യത്തിന്റ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതല്ലെന്നും കൗണ്‍സില്‍ സൂചിപ്പിച്ചു.

മെയ് 30,2008. സെന്നിന്റെ വിചാരണ ആരംഭിച്ചു. സന്യാലിനെയും പിയൂഷ് ഗുഹയെയും സെന്നിന് ബന്ധുക്കളെ പോലെയാണെന്ന പ്രോസിക്യൂഷന്‍ വാദത്തെ പിന്തുണയ്ക്കുന്ന ഒരു മൊഴിയും ഒരു സാക്ഷിയും നല്‍കിയില്ല.

ജൂലൈ, 28,2008. തെളിവു നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. സെന്നിന്റെ വീട്ടില്‍ നിന്നും ലഭിച്ച പതിനൊന്ന് ഡോക്യുമെന്റ്‌സ് സീല്‍ ചെയ്ത് സമര്‍പ്പിച്ചതില്‍ പത്തെണ്ണം മാത്രമേ ലിസ്റ്റില്‍ വന്നിട്ടുള്ളൂ എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സെന്നിന്റെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സി.പി.ഐ മാവോയിസ്റ്റ് നല്‍കിയ ഒപ്പിടാത്ത രേഖയാണ് പതിനൊന്നാമത്തേത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത മറ്റ് രേഖകളില്‍ നിന്നും വ്യത്യസ്തമായി ഈ രേഖയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒപ്പുണ്ട്. എന്നാല്‍ സെന്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല.

ആഗസ്ത് 11, 2008. ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ രണ്ടാമത്തെ ജാമ്യാപേക്ഷ ഫയല്‍ ചെയ്തു.

ആഗസ്ത് 14, 2008. ജാമ്യാപേക്ഷയില്‍ ആദ്യ ഹിയറിംങ് നടന്നു. എന്നാല്‍ തീരുമാനമാകാതെ കോടതി പിരിഞ്ഞു.

നവംബര്‍3, 2008. കേസിന്റെ ഹിയറിങ് നിര്‍ത്തിവച്ചശേഷം നേരത്തെ തീരുമാനിച്ച ഒരു തീയതിയിലേക്ക് മാറ്റാനായി അപേക്ഷ നല്‍കി.

നവംബര്‍ 24, 2008. നേരത്ത അപേക്ഷയില്‍ ഡിസംബര്‍ 2ന് വാദം കേള്‍ക്കാന്‍ ജഡ്ജ് സമ്മതിച്ചു.

ഡിസംബര്‍ 2, 2008. ഹരജി പരിഗണിച്ച കോടതി അത് നിരുപാധികം തള്ളിക്കളഞ്ഞു. നേരത്തെ തള്ളിയ ഹരജിയില്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ യാതൊരു കാര്യവും പുതുതായി ഉണ്ടായിട്ടില്ലെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

ഡിസംബര്‍ 3, 2008. 47 സാക്ഷികളെക്കൂടി ഉള്‍പ്പെടുത്തി അഡീണഷല്‍ കുറ്റപത്രം സമര്‍പ്പിച്ചു.

മെയ് 4,2009. സെന്നിനെ ജയിലില്‍ പാര്‍പ്പിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതി ഛത്തീസ്ഗഡ് സര്‍ക്കാറിന് നോട്ടീസ് അയക്കുന്നു. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. സെന്നിന് ഏറ്റവും നല്ല ആരോഗ്യ പരിചരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

മെയ് 25 2009, സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെന്നിന് ജാമ്യം ലഭിക്കുന്നു.

ജൂണ്‍ 10, 11, 2010 സെന്നിന്റെ അഭിഭാഷകന്‍ ഇന്‍സ്‌പെക്ടര്‍ ജോഗ്രിത്തിനെ ക്രോസ് വിസ്താരം ചെയ്തു. കേസില്‍ ശരായയ പരിശോധനയല്ല നടത്തിയതെന്ന് സെന്നിന്റെ അഭിഭാഷകന്‍ വാദിച്ചു.

2010 ആഗസ്ത് അവസാനം സെപ്തംബര്‍ തുടക്കം പിയുഷ് ഗുഹയുടെ ജാമ്യ ഹരജി പരിഗണിക്കവെ സെന്നിനെതിരെയുള്ള തെളിവുകള്‍ സെപ്തംബര്‍ അവസാനത്തിന് മുമ്പ് കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിട്ടു.

സെപ്തംബര്‍ 13,2010. സെന്നിന്റെ അഭിഭാഷകന്‍ സുരീന്ദര്‍ സിങ് അന്വേഷണ ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്തു.

സെപ്തംബര്‍ 28,2010. തെളിവ് സമര്‍പ്പിക്കല്‍ പൂര്‍ത്തിയാക്കി.

നവംബര്‍ 25, 26, 2010. റായ്പൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി. 2007ല്‍ സെന്നിനെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വീഡിയോ ദൃശ്യം തെളിവായി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു.

സന്യാലുമായുളള ഓരോ കൂടിക്കാഴ്ചക്ക് ശേഷവും സെന്‍ വിളിച്ച ഫോണ്‍ടാപ്പ് കോടതിയിലെത്തി. പുതിയ ജഡ്ജ് നിയമിതനായി. സെന്നിനെതിരായി ഹാജരാക്കിയ രേഖകളില്‍ സെന്നിന്റെ ഒപ്പ് വെക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജോഗ്രി കോടതിയെ അറിയിച്ചു. ഈ രേഖകള്‍ തെളിവായി പ്രോസിക്യൂഷന്‍ കൊണ്ട് വന്ന രേഖകളില്‍ നിന്ന് മാറ്റുവാന്‍ കോടതി ഉത്തരവിട്ടു.

ഡിസംബര്‍ 9, 15, 2010. പ്രോസിക്യൂഷന്‍ വാദങ്ങളുടെ ദുര്‍ബലത വ്യക്തമാക്കിക്കൊണ്ട് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐക്ക് സെന്‍ അച്ചതെന്ന് പറഞ്ഞുള്ള ഒരു കത്ത് കോടതിയില്‍ ഹാജരാക്കി. സെന്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നേതാവ് ഡോ. വാള്‍ട്ടര്‍ ഫെര്‍ണാണ്ടസിനയച്ച കത്തായിരുന്നു ഇത്. ഇതാണ് പ്രോസിക്യൂഷന്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് അയച്ച കത്ത് എന്ന പേരില്‍ കോടതിയില്‍ ഹാജരാക്കിയത്.

Advertisement