മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആത്മപരിശോധന നടത്തേണ്ട സമയമായെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. സച്ചിന്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് സാഹചര്യത്തിനനുസരിച്ചാണോ എന്ന് അദ്ദേഹം പരിശോധിക്കേണ്ടതുണ്ടെന്നും ഇയാന്‍ വ്യക്തമാക്കി.

‘ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും അദ്ദേഹം അത് പുറത്തെടുത്തില്ല. പല അവസരങ്ങളെയും അദ്ദേഹം നഷ്ടപ്പെടുത്തി. തനിയ്ക്ക് മികച്ച ഫോമില്‍ എത്താന്‍ കഴിയാത്തതിന് അദ്ദേഹം മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തത്.

നൂറാം സെഞ്ച്വറി പ്രതീക്ഷിച്ചു മറ്റുള്ളവര്‍ നില്‍ക്കുന്നതുകൊണ്ടാണ് തനിയ്ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിയാത്തതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതില്‍ കഴമ്പില്ല.  അദ്ദേഹം സ്വയം വിലയിരുത്തേണ്ട സമയമായി. നൂറാം സെഞ്ച്വറിയെന്ന കടമ്പ മുന്നിലുള്ളതുകൊണ്ട് സമ്മര്‍ദ്ദത്തോടെ കളിക്കുകയല്ല. അതിനെ നേരിടുകയാണ് വേണ്ടത്.

ഓരോ കളിക്കാരനും മത്സരത്തില്‍ കളിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടാകാവു. അത് ടീമിന്റെ വിജയമാണ്. അല്ലാതെ സെഞ്ച്വറി സ്വപ്‌നമല്ല. താന്‍ സ്വന്തമായി എന്തുനേടി എന്നല്ല. ടീമിന് വേണ്ടി എന്ത് നേടി എന്നാണ് നോക്കേണ്ടത്.

ടീമിന്റെ വിജയത്തിനായി പരമാവധി ശ്രമിച്ചിട്ടും അതില്‍ പരാജയപ്പെട്ടാല്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. ശ്രമിച്ചിട്ടും വിജയിക്കാതിരുന്നതാണെന്നു കരുതാം. എന്നാല്‍ സ്വകാര്യ താത്പര്യങ്ങള്‍ക്കു വേണ്ടി ടീമിന്റെ വിജയത്തെ മാനിക്കാതിരുന്നാല്‍ അത് തെറ്റുതന്നെയാണ്. സച്ചിന്റെ സെഞ്ച്വറി എന്നത് അദ്ദേഹത്തിന് മാത്രമല്ല, ടീമിനൊന്നാകെ ഒരു ഭാരമായിക്കൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റിന് വേണ്ടത് കളിക്കളത്തില്‍ വ്യത്യസ്തതയാര്‍ന്ന ഷോട്ടുകളില്‍ വിസ്മയം തീര്‍ത്തിരുന്ന സച്ചിനെയാണ് അല്ലാതെ സെഞ്ച്വറിയുടെ സമ്മര്‍ദ്ദത്തില്‍ കളിക്കളത്തില്‍ പതറിപോകുന്ന സച്ചിനെ അല്ല. സച്ചിന്‍ ഈ ഒരു പ്രതിസന്ധി മറികടന്നേ പറ്റു അതല്ലെങ്കില്‍ ഇന്ത്യന്‍ ടീം വീണ്ടും വീണ്ടും താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണേണ്ടിവരും’.-ചാപ്പല്‍ വ്യക്തമാക്കി.

Malayalam news

Kerala news in English