മിയാമി: ആരോപണങ്ങളും അപവാദങ്ങളും ഏറെയുണ്ടാകാം. എന്നാല്‍ ഇതൊന്നും ടൈഗര്‍വുഡ്‌സ് എന്ന ഗോള്‍ഫ് താരത്തിന്റെ ഇമേജിനെ തെല്ലുപോലും ബാധിച്ചിട്ടില്ല. കായികരംഗത്തെ ഏറ്റവും മികച്ച സെലിബ്രിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇക്കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.

ഫോബ്‌സ് പ്രസിദ്ധീകരിച്ച 100 മികച്ച സെലിബ്രിറ്റികളുടെ പട്ടികയിലാണ് ടൈഗര്‍ ഇടം നേടിയിട്ടുള്ളത്. പട്ടികയില്‍ ആറാംസ്ഥാനത്താണ് ടൈഗര്‍. കായികരംഗത്തു നിന്നും ആദ്യസ്ഥാനത്തെത്തിയ ആളും ടൈഗര്‍ തന്നെ. ലേഡി ഗാഗയാണ് പട്ടികയില്‍ ഒന്നാമതുള്ള സെലിബ്രിറ്റി.

ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് ടൈഗര്‍ കഴിഞ്ഞവര്‍ഷത്തെക്കാളും ഒരുസ്ഥാനം പിന്നോട്ടുപോയിട്ടുണ്ട്. എങ്കിലും ആഗോളതലത്തില്‍ കായികരംഗത്തെ ഏറ്റവും അംഗീകാരമുള്ള സെലിബ്രിറ്റിയെന്ന പദവി നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഈ അമേരിക്കക്കാരനായി.