Categories

കടുവകളുടെ എണ്ണത്തില്‍ വര്‍ധന

ന്യൂദല്‍ഹി: രാജ്യത്ത് പുതിയ കടുവാ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ സെന്‍സസ് പ്രകാരം ആകെ 1706 കടുവകളാണുള്ളത്. രാജ്യത്തെ വനമേഖലയില്‍ 295 കടുവകള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് സെന്‍സെസ് വ്യക്തമാക്കുന്നു.

മാര്‍ച്ച് 28-30 ന് നടക്കുന്ന അന്തര്‍ദേശീയ കടുവാ കോണ്‍ഫറന്‍സിലാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ശിവാലിക് മലനിരകളില്‍ 353, മധ്യേന്ത്യയിലും പൂര്‍വ്വഘട്ടിലുമായി 601 , പശ്ചിമഘട്ടില്‍ 534, തെക്കുകിഴക്കന്‍ മലനിരകളിലും ബ്രഹ്മപുത്രയുടെ സമീപപ്രദേശങ്ങളിലുമായി 148, സുന്ദര്‍ബനില്‍ 70 എന്നിങ്ങനെയാണ് കടുവകളുടെ എണ്ണം.

2006ലാണ് അവസാനത്തെ കടുവാസെന്‍സസ് നടന്നത്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 1,411 ആയെന്ന് അന്ന് വ്യക്തമായിരുന്നു. രണ്ടുദശാബ്ദം മുമ്പ് 3,000 കടുവകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണിത്.

കഴിഞ്ഞവര്‍ഷം റഷ്യയില്‍ നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഗ്ലോബര്‍ ടൈഗര്‍ റിക്കവറി പ്രോഗ്രാം നേരിടുന്ന വെല്ലുവിളികള്‍, പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യും. 2022 ഓടെ ലോകത്തിലെ കടുവുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ടി.ആര്‍.പിയ്ക്ക് രൂപം നല്‍കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.