ആലപ്പുഴ: ജില്ലയുടെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തം. അമ്പലപ്പുഴ, പുറക്കാട്, കരൂര്‍ കടപ്പുറത്താണ് രൂക്ഷമായ കടലാക്രമണമുണ്ടായത്.

ഇന്നലെ രാത്രി 11 മുതലാണ് കടല്‍ക്ഷോഭം ശക്തമായത്. കടല്‍ഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത്. സുനാമി തിരമാലകളെപ്പോലെ ശക്തമായ തിരമാലകളാണ് ഇന്നലെ രാത്രിമുതല്‍ തീരത്തേക്ക് അടിച്ചുകയറുന്നത്.

Ads By Google

Subscribe Us:

ആലപ്പുഴ പുന്നപ്ര ചള്ളി മുതല്‍ പറവൂര്‍ ഗലീലിയ വരെയുള്ള രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് 500 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു. ഇത് തീരപ്രദേശവാസികളില്‍ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 18 വാര്‍ഡുകളിലെ 400 ഓളം വീടുകളില്‍ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് വെള്ളം കയറി.

കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് അമ്പലപ്പുഴ തഹസില്‍ദാര്‍ ഉസ്മാന്‍കുഞ്ഞ്, ഡപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, അമ്പലപ്പുഴ വില്ലേജ് ഓഫീസര്‍ സുഗുണന്‍, പുറക്കാട് വില്ലേജ് ഓഫീസര്‍ ജയരാജ്, ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീദേവി എന്നിവര്‍ സ്ഥലത്തെത്തി തീരപ്രദേശവാസികളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി.

നൂറിലേറെ കുടുംബങ്ങളെ കരൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.