തിരുവനന്തപുരം: നികുതി വെട്ടിപ്പു തടയാന്‍ തിയറ്ററുകളില്‍ ടിക്കറ്റ് മെഷീന്‍ വരുന്നു. മന്ത്രി ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു ടി.എന്‍. പ്രതാപന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തിയറ്റര്‍ അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു ടിക്കറ്റിനൊപ്പം പിരിക്കുന്ന രണ്ടു രൂപയും റിസര്‍വേഷന്‍ ചാര്‍ജ് എന്നു പറഞ്ഞു പിരിക്കുന്ന അഞ്ചു രൂപയും സര്‍ക്കാര്‍ നിര്‍ത്തുകയാണ്. അറ്റകുറ്റപ്പണി നടത്താതെ പിന്നെ എന്തിനാണു പണം ഈടാക്കുന്നത്? ഇങ്ങനെ പിരിക്കുന്ന പണത്തില്‍ നിന്നു ചലച്ചിത്ര അക്കാദമിക്കും കെ.എസ്.എഫ്.ഡി.സി.ക്കും നല്‍കേണ്ട കോടികള്‍ അടയ്ക്കുന്നുമില്ല. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തു കൈരളി, കലാഭവന്‍ തിയറ്ററുകള്‍ നവീകരിക്കും. ആലപ്പുഴയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള മാതൃകാ തിയറ്റര്‍ ഉടന്‍ നിര്‍മിക്കും. കൊടുങ്ങല്ലൂര്‍, വൈക്കം, കായംകുളം, ബാലുശേരി തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തില്‍ തിയ്യറ്ററുകള്‍ നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. സിനിമാ സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്നതും പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു.