എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ നിന്നും പരിഗണന ലഭിച്ചില്ല: എന്നാലും എന്‍.ഡി.എ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
എഡിറ്റര്‍
Sunday 12th March 2017 4:16pm

കോട്ടയം: എന്‍.ഡി.എയില്‍ തങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ഇതിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ എന്‍.ഡി.എ വിടാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതിലുള്ള അതൃപ്തി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ബി.ജെ.പി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അതില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ എന്‍.ഡി.എ വിടുന്ന കാര്യം ബി.ഡി.ജെ.എസ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബൂത്തുതലം മുതലുള്ള കമ്മറ്റികള്‍ ശക്തമാക്കണമെന്നാണ് ബി.ഡി.ജെ.എസിന്റെ ആവശ്യം. ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വൈകുന്നതിലുള്ള അതൃപ്തി നേരത്തെ തന്നെ അറിയിച്ചിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും പല ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ല. അതിലുള്ള അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: ജ്ഞാനോദയത്തിന്റെ വിമര്‍ശനം കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ സാധുകരിക്കുന്നില്ല


ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ആരുടേയും അവഗണന സഹിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ഇടത്-വലത് മുന്നണികളുടെ അവഗണന കൊണ്ടാണല്ലോ ഇങ്ങനൊരു പാര്‍ട്ടി തന്നെ രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന നേതൃത്വം മാന്യതകാട്ടിയില്ലെന്നും നിലവിലെ സാഹചര്യത്തില്‍ എന്‍.ഡി.എയില്‍ തുടരുക ബുദ്ധിമുട്ടാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി വിടില്ലെന്ന് മകന്‍ തുഷാര്‍ അറിയിച്ചിരിക്കുന്നത്.

Advertisement