ന്യുദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസിലെ ദൃക്‌സാക്ഷി തുളസീറാം പ്രജാപതി വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.സദാശിവവും ബി.എസ് ചൗഹാനും അടങ്ങിയ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പ്രജാപതിയുടെ അമ്മ നര്‍മ്മദാ ബായി നല്‍കിയ ഹരജിയിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രജാപതിയുടെ മരണത്തെക്കുറിച്ച് സംസ്ഥാനപോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും ഇനിയൊരന്വേഷണം വേണ്ടെന്നുമുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ അപേക്ഷ കോടതി തള്ളി.

സൊഹ്‌റാബുദ്ദീന്‍ കേസിലേയും പ്രജാപതി കേസിലേയും സാക്ഷികളെ ഇല്ലാതാക്കാന്‍ മുന്‍ ആഭ്യന്തരസഹമന്ത്രി അമിത് ഷാ ശ്രമിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കേസന്വേഷണം നിര്‍ത്തിവയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 2005ലായിരുന്നു സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇതിന്റെ സാക്ഷിയായിരുന്നു തുളസീറാം പ്രജാപതി.