തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യആശുപത്രികളിലെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍ന്നെങ്കിലും വീണ്ടും സമരവുമായി തൃശ്ശുര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്ത്.

ഒരു വിശദീകരണവുമില്ലാതെ അശുപത്രിയിലെ ഒരു നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെയാണ് സമരം. 12 ദിവസം പിന്നിട്ട സമരത്തില്‍ ഇവിടെയുള്ള 330 നഴ്‌സുമാരില്‍ 290 പേരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്തതിനുള്ള പ്രതികാര നടപടിയാണീ നീക്കം എന്ന് സമരത്തില്‍ ഉള്ള നഴ്‌സുമാര്‍ പറയുന്നു.
സമരത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ആശുപത്രിയിലെ ഒരു നഴ്‌സിനെ പ്രോബേഷന്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയില്ല എന്ന കാര്യം പറഞ്ഞ് പുറത്താക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സമരത്തിലുള്ള നഴ്‌സുമാര്‍ പറയുന്നത്.


Also Read നടിയെ അപകീര്‍ത്തിപെടുത്തുന്ന സംഭാഷണം; സെന്‍കുമാറിന് എതിരെ നടപടിക്ക് നിര്‍ദേശിച്ച് എ.ഡി.ജി.പി സന്ധ്യ


വ്യക്തമായ ഒരു കാരണവും പറയാതെയാണ് ആ കുട്ടിയെ പിരിച്ചുവിട്ടത്. ഒരു വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന അവളെക്കുറിച്ച് ഇതുവരെ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഞങ്ങളിത് ചോദ്യം ചെയ്തപ്പോ നഴ്‌സിങ്ങ് സൂപ്രണ്ട് പറഞ്ഞത് യു.എന്‍.എയിലുള്ള ഒരാളും ഇവിടെ ജോലിക്ക് വേണ്ടെന്നാണ്. ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ മാനേജ്‌മെന്റ് പറഞ്ഞു ആ കുട്ടിയെ തിരിച്ചെടുക്കാന്‍ പറ്റില്ല, ബാക്കിയുള്ളവര്‍ക്ക് വേണമെങ്കില്‍ ഡ്യൂട്ടിക്ക് കയറാം. ഇപ്പോള്‍ പ്രോബേഷനിലുള്ള 90 പേരേയും ഉടന്‍ പിരിച്ചുവിടുമെന്നാണ് ലേബര്‍ ഓഫീസറുടെ മുന്‍പില്‍ വച്ച് അവര്‍ ഭീഷണിപ്പെടുത്തിയത്. അത് അംഗീകരിക്കാന്‍ പറ്റില്ല’ സമരത്തിലുള്ള നഴ്‌സുമാര്‍ പറയുന്നു.

ഒരു നടപടിക്രമവും പാലിക്കാതെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഒരു നോട്ടീസോ വിശദീകരണം ചോദിക്കലോ ഒന്നുമില്ലാതെ. ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല, ഇതാണ് മാനേജ്‌മെന്റ് പറയുന്നത് എന്നും നഴ്‌സുമാര്‍ പറയുന്നു.

നഴ്‌സുമാരുടെ സമരം ന്യായമാണെന്നാണ് ജില്ല ലേബര്‍ ഓഫീസര്‍ രജീഷ് പറയുന്നത്. മാനേജ്‌മെന്റ് ശരിയായ രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് പ്രശ്‌നം രൂക്ഷമായാല്‍ ലേബര്‍ കോടതിയിലെക്ക് റഫര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.