തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയില്‍ സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. മദര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് കൊണ്ടാണ് മുഴുവന്‍ നഴ്‌സുമാരും സമരത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയുടെ മധ്യസ്ഥതയില്‍ ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.

Ads By Google

സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നഴ്‌സസ് പ്രതിനിധികളും ആശുപത്രി അധികൃതരും ചൊവ്വാഴ്ച രാവിലെ നടന്ന ചര്‍ച്ച പരാജയമായിരുന്നു. തുടര്‍ന്ന് തൊഴില്‍മന്ത്രി നേരിട്ട് മധ്യസ്ഥം വഹിക്കുകയായിരുന്നു. നഴ്‌സസ് അസോസിയേഷന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ആശുപത്രി മാനേജ്‌മെന്റ് അംഗീകരിക്കാന്‍ തയ്യാറാകാതെ വന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ശമ്പളവര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന 15 പേരെ പിരിച്ചുവിടുകയും ഇതില്‍ മാനേജ്‌മെന്റ് യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലസമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്. സമരത്തിലാണെങ്കിലും അത്യാവശ്യഘട്ടത്തില്‍ ഔചിത്യപൂര്‍വ്വം ഇടപെടുമെന്നും പെരുമാറുമെന്നും അത്യാഹിത വിഭാഗത്തില്‍ ജോലിയ്ക്ക് ഹാജരാകുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ മദര്‍ ആശുപത്രിയില്‍ ഒരു നഴ്‌സിന്റെ ഡ്യൂട്ടി സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് സമരം തുടങ്ങിയത്. കഴിഞ്ഞ സെപ്തംബര്‍ 5 മുതലാണ് മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയത്. മാനേജ്‌മെന്റിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റ് ആശുപത്രികളിലെ നഴ്‌സുമാര്‍ രംഗത്തെത്തിയത്. സമരം ശക്തമാകുന്നതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാകും.