ത്രിപുര: മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ആദ്യമായി നാളെ ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പിന്റെ ശബ്ദപ്രചരണം ഇന്നലെ കഴിഞ്ഞ്‌  ഇന്ന് നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, ബിമന്‍ബസു, സൂര്യകാന്ത്മിശ്ര തുടങ്ങിയവരും പ്രചാരണത്തിനായി ത്രിപുരയില്‍ എത്തിയിരുന്നു.

Ads By Google

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ രാഹുല്‍ഗാന്ധിയും ധനമന്ത്രി പി. ചിദംബരവും അവസാനദിവസം കോണ്‍ഗ്രസ്സ്  പ്രചരണത്തിന് എത്തി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും എത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട്  പിന്മാറി.

ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും ആകെയുള്ള 60 സീറ്റിലും ബി.ജെ.പി 50 സീറ്റിലും മത്സരിക്കുന്നു.

37 ലക്ഷംമാത്രം ജനസംഖ്യയുള്ള സംസ്ഥാനത്ത് ആകെ 23,52,000 വോട്ടര്‍മാരാണുള്ളത്. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നാലാം തവണയും ധന്‍പുരില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുധീപ് റോയ് ബര്‍മന്‍ അഗര്‍ത്തലയില്‍നിന്നും ഐ.എന്‍.പി.ടി അധ്യക്ഷന്‍ ബിജോയ്കുമാര്‍ റംഗാള്‍ അംബാസയില്‍നിന്നും മത്സരിക്കുന്നു.

ഭരണനേട്ടങ്ങളുയര്‍ത്തി പിടിച്ചാണ് ഇടത്മുന്നണി തിരെഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ഭരണവിരുദ്ധ വികാരം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ്സ് ആയുധമാക്കുന്നത്.

1978നുശേഷം മൊത്തം ആറു തവണയാണ് ഇടത് മുന്നണി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തില്‍  വന്നത്.