കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് കൊല്‍ക്കത്തയിലെ കോണ്‍ഗ്രസ്സ് നേതാവ് പ്രദീപ് ഭട്ടാചാര്യ.

Ads By Google

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കുമെന്ന തൃണമൂല്‍ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃണമൂല്‍ നേതാക്കളുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ പ്രദീപ് സംസ്ഥാനത്തെ 42 സീറ്റിലും ജയിച്ചുകളയാമെന്ന തൃണമൂലിന്റെ ആഗ്രഹം നടക്കില്ലെന്നും  പറഞ്ഞു.

ഒറ്റക്ക് മത്സരിക്കാന്‍ തങ്ങള്‍ക്കും ആത്മവിശ്വാസക്കുറവൊന്നുമില്ലെന്നും അതിനുള്ള ശക്തി കോണ്‍ഗ്രസ്സിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സോണിയാ ഗാന്ധി നല്‍കിയ വിരുന്നില്‍ പങ്കെടുക്കവേയാണ് തൃണമൂല്‍ നേതാവും ആരോഗ്യവകുപ്പ് സഹമന്ത്രിയുമായ സുദീപ് ബന്ദോപാധ്യായ തൃണമൂല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.

തൃണമൂല്‍ ഒറ്റക്ക് മത്സരിച്ച് 42 സീറ്റും സ്വന്തമാക്കി പാര്‍ലമെന്റില്‍ ശക്തിയായിത്തീരുകയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു സുദീപ് ബന്ദോപാധ്യായ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.