Administrator
Administrator
തൃണമൂല്‍ യു.പി.എ വിട്ടു: കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയില്‍
Administrator
Tuesday 18th September 2012 8:44pm

മമത ബാനര്‍ജി- Mamata Banarjee

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ മുന്നണിയില്‍ നിന്നും പിന്‍വാങ്ങി. തൃണമൂലിന്റെ ആറ് മന്ത്രിമാര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍  സിങ്ങിനെ കണ്ട് രാജി വെക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു. സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷ അറിയിച്ചു.

‘ഞങ്ങള്‍ പിന്തുണ പിന്‍വലിക്കുകയാണ്. ഞങ്ങളുടെ മന്ത്രിമാര്‍ ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രി മന്‍മോഹന്‍  സിങ്ങിനെ കാണുകയും വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് രാജി സമര്‍പ്പിക്കുകയും ചെയ്യും’- മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം മമത പറഞ്ഞു.

Ads By Google

കഴിഞ്ഞ കുറേ കാലമായി യു.പി.എയില്‍ പാര്‍ട്ടി അവഗണന നേരിടുകയാണ്. കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നും ഇന്ധന വില വര്‍ധന മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പിലാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം, പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണത്തിലെല്ലാം പാര്‍ട്ടിയുടെ നിലപാട് പരിഗണിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

കേന്ദ്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ എടുത്തിരിക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് പറഞ്ഞിരുന്നു. സബ്‌സിഡിയോട് കൂടി വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറും ഡീസലിന്റെ വിലവര്‍ധന 3 രൂപയാക്കി കുറക്കണമെന്നും മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതവഗണിക്കുകയായിരുന്നുവെന്നും മന്‍മോഹന്‍ സിങ്‌ അദ്ദേഹത്തിന്റെ നയങ്ങള്‍ പരസ്യപ്പെടുത്തുകയായിരുന്നും അവര്‍ വ്യക്തമാക്കി.

ചില്ലറ വ്യാപാരമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം കൊണ്ടു വരുന്നതിലൂടെ വാള്‍മാര്‍ട്ടിനും ടെസ്‌കോയ്ക്കും തുടങ്ങി രാജ്യാന്തര റീട്ടെയില്‍ ഭീമന്മാര്‍ക്ക് സ്വകര്യം ചെയ്തു കൊടുക്കുകയായിരുന്നു പ്രധാനമന്ത്രി. കൂടാതെ വ്യോമയാന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുകയും ഡീസല്‍ വില 12 ശതമാനം വര്‍ധിപ്പിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുമ്പോള്‍ ഇപ്പോഴുള്ള ചെറുകിട കച്ചവടക്കാര്‍ എവിടെ പോകും, ഇത് ദുരന്തമാണ്. ജനങ്ങള്‍ക്കുള്ള സബ്‌സിഡി സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ലേയെന്നും മമത ചോദിച്ചു.

സര്‍ക്കാര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണ് നടത്തുന്നത്. മമത പോയാല്‍ മായാവതി, മായാവതി പോയാല്‍ മുലായം, മുലായം പോയാല്‍ ആര്‍.ജെ.ഡിയും ജയലളിതയും എന്ന രീതിയിലാണ് കോണ്‍ഗ്രസ് കാണുന്നത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ വിദേശബാങ്കുകളിലുള്ള ബ്ലാക്ക് മണി തിരിച്ചു കൊണ്ടുവരാത്തതെന്നും അവര്‍ ചോദിച്ചു.

പൂച്ചക്ക് ആരെങ്കിലും മണി കെട്ടണം. അത് താന്‍ ചെയ്യുകയാണെന്നും മമത പറഞ്ഞു. ‘സര്‍ക്കാരിന് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ഞങ്ങളുമായുള്ള നല്ല ബന്ധം സൂക്ഷിക്കാന്‍ കോണ്‍ഗ്രസിനായില്ല. ആരുമായും അവര്‍ക്ക് നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയില്ല. ഏകാധിപത്യ നയമാണ് അവര്‍ പിന്തുടരുന്നത്, ഇനി ഒരു കാരണവശാലും അവരുമായി സഹകരിക്കാന്‍ കഴിയില്ല’- മമത പറഞ്ഞു.

കല്‍ക്കരി അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ജനവിരുദ്ധ നയവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ബംഗാളിനോട് വിവേചനപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന തൃണമൂലിന്റെ പാര്‍ലമെന്ററി യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മമത ബാനര്‍ജി. ഇതോടെ കേന്ദ്രത്തിലെയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് സഖ്യവും അവസാനിക്കുകയാണ്. ബംഗാളിലെ കോണ്‍ഗ്രസ് സംസ്ഥാനഘടകം നേരത്തെ മമതയുമായി കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു.

ഇന്ധന വിലവര്‍ധനയും യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളിലും പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ നടത്തിയിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരില്‍ നിന്നും അനുകൂല മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കടുത്ത നടപടികളിലേക്ക് പോകേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. യു.പി.എയ്ക്കുള്ള 72 മണിക്കൂര്‍ അന്ത്യശാസനം തിങ്കളാഴ്ച വൈകീട്ടാണ് അവസാനിച്ചത്.

യു.പി.എയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന പ്രഖ്യാപനം വന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പത്തൊമ്പത് എം.പിമാരുള്ള തൃണമൂല്‍ സര്‍ക്കാരില്‍ നിന്നും പിന്‍വാങ്ങുന്നതോടെ 254 അംഗങ്ങളായി യു.പി.എയുടെ അംഗസംഖ്യ കുറയും. 545 സീറ്റുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 273 അംഗങ്ങള്‍ വേണമെന്നിരിക്കെ 254 അംഗങ്ങളുള്ള ന്യൂനപക്ഷമായിരിക്കുകയാണ് യു.പി.എ.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഡി.എം.കെയുടെ പ്രഖ്യാപനം കൂടി വന്നിരിക്കുകയാണ്. സെപ്തംബര്‍ 20 ന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഡി.എം.കെയും പ്രഖ്യാപിച്ചിരിക്കുകയാണ്. യു.പി.എ ഘടകകക്ഷി കൂടിയായ ഡി.എം.കെയ്ക്ക് 18 എം.പിമാരാണുള്ളത്. ഡി.എം.കെ കടുത്ത നിലപാടുമായി മുന്നോട്ട് പോയാല്‍ പുതിയ മുന്നണി സമവാക്യങ്ങള്‍ക്ക് ഇത് കാരണമായേക്കാം.

മുലായംസിങ്‌ യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും പുറത്തുനിന്ന് പിന്തുണ നല്‍കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന് തത്കാലം ഭീഷണിയുണ്ടാവില്ല. എന്നാല്‍ മൂന്നാം മുന്നണിയുമായി മുലായം മുന്നോട്ട് പോകുകയും മായാവതി നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ സര്‍ക്കാരിന് രാജി വെക്കേണ്ടി വരും.

Advertisement