ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യത്തില്‍ ഭിന്നത രൂക്ഷമായി. മമത ബാനര്‍ജി പ്രഖ്യാപിച്ച സീറ്റുവിഭജനം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

228 സീറ്റുകളിലാണ് ഇത്തവണ തൃണമൂല്‍ മല്‍സരിക്കുക. സീറ്റുകളിലെ എല്ലാ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് 64 സീറ്റും സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്.യു.സി.ഐ) ക്ക് രണ്ടും സീറ്റുകളാണ് തൃണമൂല്‍ മാറ്റിവച്ചിരിക്കുന്നത്.

64 സീറ്റുകൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണമെന്ന് മമത കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ഈ സീറ്റുകളിലും തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും തൃണമൂല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ സീറ്റുവിഭജനം സംബന്ധിച്ച് തൃണമൂലുമായി ചര്‍ച്ച നടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

സംസ്ഥാനത്ത് ഇടതുപക്ഷക്കെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷക്കീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ 64 സീറ്റെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.