പാതിരാത്രിയില്‍ നടു റോഡില്‍ നടന്ന ഒരു കൊലപാതകം കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ആ കൊലപാതകത്തിന്റെ സസ്‌പെന്‍സ് നിറഞ്ഞ കഥകളെ വെല്ലാന്‍ ത്രില്ലര്‍ വരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ത്രില്ലടിപ്പിക്കാന്‍ പൃഥ്വിരാജ് ഒരുങ്ങിക്കഴിഞ്ഞു. ഡെപ്യൂട്ടി കമ്മിഷണര്‍ ഒഫ് പൊലീസ് നിരഞ്ജന്‍- അതാണ് പൃഥ്വിയുടെ കഥാപാത്രം. ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാന്‍ നിര്‍മിക്കുന്ന ത്രില്ലറിന് തിരക്കഥയെഴുതിയത് ബി. ഉണ്ണികൃഷ്ണനാണ്.

പാലത്തിങ്കല്‍ ഗ്രൂപ്പിന്റെ മാനെജിങ് ഡയറക്റ്റര്‍ സൈമണ്‍ പാലത്തിങ്കല്‍ ഹൈവേയില്‍ വച്ച് കൊല്ലപ്പെടുന്നതാണ് കഥ. കേസ് അന്വേഷിക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നിരഞ്ജന്‍ എത്തുന്നു. വെല്ലുവിളികളും സാഹസികതയും നിറഞ്ഞ അന്വേഷണമാണ് പിന്നെ. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സംഭവത്തിന് സൈമണിന്റെ പ്രണയവുമായി പോലും ബന്ധമുണ്ടാകുന്നു. വിവാദങ്ങളും നിസ്സഹായതകളും അന്വേഷണ ഉത്തരവാദിത്വും കൊണ്ട് ഉദ്വേഗ ജനകമാകുന്ന സിനിമ. മീരയായി ബംഗളുരു മലയാളി കാതറിന്‍ എത്തുന്നു.

സിദ്ദിഖ്, വിജയരാഘവന്‍, റിയാസ് ഖാന്‍, ലാലു അലക്‌സ്, സുബൈര്‍, വിന്‍സെന്റ് അശോക, സമ്പത്ത്, പി. ശ്രീകുമാര്‍, കൊല്ലം തുളസി, ബിജു പപ്പന്‍, ആനന്ദ്, മല്ലിക കപൂര്‍, ഉമ പത്മനാഭന്‍ എന്നിവരും സ്‌ക്രീനിനെ സമ്പുഷ്ടമാക്കും.

ഗാനരചന വി.കെ. ഹരിനാരായണന്‍, സംഗീതം ധരണ്‍. ഹരിനാരായണനും മംമ്ത മോഹന്‍ദാസും ചേര്‍ന്നു പാടിയിരിക്കുന്നു. ചിത്രത്തിന്റെ പ്രമോഷനായി തയാറാക്കിയ ആല്‍ബത്തില്‍ അഭിനയിക്കുന്നുമുണ്ട് മംമ്ത. ക്യാമറ ഭരണി.കെ. ധരണ്‍. ആര്‍ട്ട് ബോബന്‍, മേക്കപ്പ് റോഷന്‍. എഡിറ്റിങ് മനോജ്, പിആര്‍ഒ എ.എസ്. ദിനേശ്. ത്രില്ലര്‍ നാളെ ബക്രീദ് ദിനത്തില്‍ ആനന്ദഭൈരവി റിലീസ് തിയെറ്ററുകളിലെത്തിക്കും.