ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അടുത്ത സെക്രട്ടറി സ്ഥാനത്തേക്ക് ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. ഒറീസയില്‍ നിന്നുള്ള രജ്ജീബ് ബിസ്വാള്‍, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അനുരാഗ് താക്കൂര്‍, ജാര്‍ക്കണ്ഠിന്റെ അമിതാഭ് ചൗധരി എന്നിവരാണ് രാജ്യത്തെ ഏറ്റവും സമ്പന്നമായ കായിക ഭരണകൂടത്തിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്.

നിലവിലെ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ അടുത്ത മാസം ബി.സി.സി.ഐ യുടെ പ്രസിഡണ്ടായി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒഴിവിലേക്കാണ് മൂവരും മത്സരിക്കുന്നത്. പുതിയ സെക്രട്ടറിയായി ബിസ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്നാണ് വിശ്വസീയനമായ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍.

കുറെക്കാലം ദേശീയ സെലക്ടറും ടീം മാനേജറുമായി പ്രവര്‍ത്തിച്ചത് ഒറീസ സ്വദേശിയെ തുണക്കുമെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷമാദ്യം ലോകകപ്പ് നേടിയ ടീമിന്റെയും മാനേജര്‍ ബിസ്വാള്‍ ആയിരുന്നു. എന്നാല്‍ ബംഗാള്‍, ആസ്സാം, ത്രിപുര, ജാര്‍ഖണ്ഠ് എന്നീ കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിസ്വാളിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണ്.

ഈ നാല് സംസ്ഥാനങ്ങള്‍ ചൗധരിയെയാണ് പിന്തുണക്കുന്നത്. അതേസമയം ഊര്‍ജ്ജസ്വലനായ ഭരണാധികാരിയായാണ് താരതമ്യേന ചെറുപ്പമായ അനുരാഗ് താക്കൂറിനെ പലരും കാണുന്നത്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയാണ് താക്കുര്‍. താക്കൂറിന്റെ ശ്രമഫലമായാണ് ധര്‍മ്മശാലയിലെ മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം യാഥാര്‍ത്യമായത്.