ന്യൂദല്‍ഹി: ഉത്തേജക ഔഷധ വിവാദം ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ വിട്ടൊഴിയുന്നില്ല. ഉത്തേജകം ഉപയോഗിച്ചതിന് മൂന്ന് ഇന്ത്യന്‍ അത്‌ലറ്റുകള്‍കൂടി പിടിയിലായി. കൊല്‍ക്കത്തയില്‍ സപ്തംബറില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സിനിടെ ‘നാഡ’ നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ കുടുങ്ങിയത്.

100 മീറ്ററില്‍ സ്വര്‍ണം നേടിയ ഹരിയാണയുടെ മനീഷ്, വനിതകളുടെ 400 മീറ്ററില്‍ വെള്ളിനേടിയ ഡല്‍ഹിയുടെ അല്‍ക്കാ റാണി, 100 മിറ്ററില്‍ വെള്ളി നേടിയ പട്യാലയുടെ വിനീതാ സാഹ്നി എന്നിവരാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുത്ത 93 അത്‌ലറ്റുകളുടെ മൂത്ര സാമ്പിളുകള്‍ ആണ് നാഡ പരിശോധനക്ക് വിധേയമാക്കിയത്.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ വീണ്ടും നാണക്കേടിന്റെ പടുകുഴിയിലേക്കാഴ്ത്തുന്നതാണ് പുതിയ സംഭവം. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ടസ്വര്‍ണം നേടിയ വനിതാ അത്‌ലറ്റ് അശ്വനി അക്കുഞ്ചി ഏഷ്യന്‍ ഗെയിംസില്‍ വനിതാ വിഭാഗം 400 മീറ്റര്‍ റിലെയില്‍ സ്വര്‍ണ്ണം നേടിയ ടീമിലുള്‍പ്പെട്ട മലയാളി താരം സിനി ജോസ്, മന്‍ദീപ് കൗര്‍, എന്നിവരുള്‍പ്പെടെ 12ലേറെ താരങ്ങള്‍ പരിശോധനയില്‍ പരാജയപ്പെട്ട് വിലക്ക് നേരിടവെയാണ മരുന്നുപയോഗത്തിന് വീണ്ടും താരങ്ങള്‍ പിടിയിലാകുന്നത്.