ഇത്തവണത്തെ ദീപാവലി ആഘോഷം കെങ്കേമമാകുമെന്നാണ് സൂചനകള്‍. ആഘോഷം പൊടിപൊടിക്കാന്‍ മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് എത്തുന്നത്. തമിഴില്‍ നിന്ന് ഇളയ ദളപതിയുടെ തുപ്പാക്കിയും ബോളിവുഡില്‍ നിന്ന് കിങ് ഖാന്റെ ജബ് തക് ഹേ ജാനും അജയ് ദേവഗണിന്റെ സണ്‍ ഓഫ് സര്‍ദാരുമാണ് ദീപാവലി കൊഴുപ്പിക്കാന്‍ എത്തുന്നത്.

Ads By Google

മലയാളത്തില്‍ നിന്ന് ഇത്തവണ ദീപാവലി റിലീസ് ഒന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. അനൂപ് മേനോന്‍ നായകനായ 916 ആണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മലായള ചിത്രം.

ഇളയ ദളപതിയുടെ തുപ്പാക്കി കേരളത്തില്‍ 111 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഗജിനിക്കും ഏഴാംഅറിവിനും ശേഷം എ.ആര്‍. മുരുകദോസ് ഒരുക്കുന്ന ചിത്രമാണ് തുപ്പാക്കി. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

മുംബൈ പശ്ചാത്തലത്തില്‍ പറയുന്ന അധോലോക കഥയാണ് തുപ്പാക്കി. മലയാളിതാരം ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബോളിവുഡിലെ ഇതിഹാസ സംവിധായകന്‍ യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് ജബ് തക് ഹേ ജാന്‍. ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തിയ യാഷ് ചോപ്ര പക്ഷേ, ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമാ ലോകത്തോടും ജീവിതത്തോടും വിടപറഞ്ഞു.

ചിത്രത്തില്‍ ഒരു ആര്‍മി ഓഫീസറായാണ് ഷാരൂഖ് എത്തുന്നത്. കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ് ചിത്രത്തിലെ നായികമാര്‍. ജബ് തക് ഹെ ജാനിലെ ഗുല്‍സാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

അജയ് ദേവഗണും സൊനാക്ഷി സിന്‍ഹയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സണ്‍ ഓഫ് സര്‍ദാര്‍. അശ്വിനി ധിര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മര്യാദ രാമണ്ണ’ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് സണ്‍ ഓഫ് സര്‍ദാര്‍.

സഞ്ജയ് ദത്ത്, ജൂഹി ചൗള എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രണയത്തിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് സണ്‍ ഓഫ് സര്‍ദാര്‍. അജയ് ദേവഗണ്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ഐറ്റം ഡാന്‍സുമുണ്ട്.