കാസര്‍കോഡ്: പഴയ ചൂരിയിലെ ഇസ്സത്തുല്‍ ഇസ്ലാം മദ്റസാ അധ്യാപകനായ മുഹമ്മദ് റിയാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

പിടിയിലായവര്‍ കറന്തക്കാട് സ്വദേശികളാണ്. 19, 20 വയസുള്ളവരാണ് പിടിയിലായത്. ഉത്തരമേഖലാ എ.ഡി.ജി.പി രജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞ 21ന് രാത്രി 12 മണിയോടെയാണ്് പഴയചൂരി മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലെ മുറിയില്‍ മുഹമ്മദ് റിയാസ് കൊല്ലപ്പെട്ടത്. കഴുത്തിനും നെഞ്ചിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.


Also Read: പരുക്കിന്റെ പിടിയിലുള്ള നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പകരക്കാരനാകാന്‍ ശ്രേയസ് അയ്യര്‍ ടീമില്‍


സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഹര്‍ത്താലില്‍ വ്യാപക സംഘര്‍ഷവുമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.